കുമളി: അടിയന്തിരഘട്ടങ്ങളിൽ രക്തം ദാനംചെയ്യാനും സ്വീകരിക്കാനും പുതിയ ഓൺലൈൻ സംവിധാനം ഇന്ന് നിലവിൽ വരും. രക്തദാനം ചെയ്യാൻ സന്നദ്ധതയുള്ളവരും രക്തം ആവശ്യമുള്ളവരും www.bloodroots.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സർജറി പോലെയുള്ള സന്ദർഭങ്ങളിൽ രക്തം മുൻകൂട്ടി ബുക്കുചെയ്യുന്നതിനും വെബ് സൈറ്രിൽ സൗകര്യമുണ്ട്. കുമളി സ്വദേശികളായ സജിമോൻ സലിം, സുബിൻ വർഗീസ്, സന്തോഷ് കുമാർ, കെ.എൽ.ശ്യാമള എന്നിവരാണ് പുതിയ സംരംഭത്തിന്റെ ചാലകശക്തികൾ. തുടക്കത്തിൽ ഇടുക്കി ജില്ലയ്ക്കുവേണ്ടി മാത്രമാണെങ്കിലും ഭാവിയിൽ വെബ് സൈറ്റിനൊപ്പം മൊബൈൽ ആപ്പുകൂടി വികസിപ്പിച്ച് സംസ്ഥാനം മുഴുവനായി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു. വെബ് സൈറ്റിന്റെ ഉദ്ഘാടനം ലോകരക്തദാന ദിനമായ ഇന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിക്കും.