
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ എടയപ്പുറം മന്ത്യേപ്പാറയിൽ ജനവാസ മേഖലയിലെ വിവാദ കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റിനെതിരായ പ്രമേയത്തോട് സ്പെഷ്യൽ ഗ്രാമസഭയിൽ വിയോജിപ്പ് രേഖപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ്. ക്ഷുഭിതരായ നാട്ടുകാർ പ്രസിഡന്റിനെയും അംഗങ്ങളെയും ഒന്നര മണിക്കൂറിലേറെ തടഞ്ഞുവച്ചു.ആലുവ-എടത്തല പൊലീസ് സംയുക്തമായെത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
സ്പെഷ്യൽ ഗ്രാമസഭാ യോഗത്തിനെത്തിയ 300ഓളം പേരും പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിന് പിന്നാലെയാണ് അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് സതി ലാലു തന്റെ വിയോജിപ്പോടെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ജനം പ്രകോപിതരായി. വിയോജിപ്പിന്റെ കാരണം വ്യക്തമാക്കണമെന്നും മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഉടമസ്ഥതയിലെ കമ്പനി ജനവാസമേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രദേശവാസികൾ ഒരു വർഷത്തിലേറെയായി സമരത്തിലാണ്. സി.പി.എം അംഗങ്ങൾ ഉൾപ്പെടെ യോഗത്തിൽ സംബന്ധിച്ചവരിൽ ഒരാൾ പോലും പ്രമേയത്തെ എതിർത്തില്ല.
ഇടതുപക്ഷത്തിനാണ് പഞ്ചായത്ത് ഭരണം. വാർഡ് അംഗവും ഇടത് പ്രതിനിധിയാണ്. പ്രമേയത്തോട് കാരണമില്ലാതെ പ്രസിഡന്റ് വിയോജിപ്പ് രേഖപ്പെടുത്തിയതും വാർഡ് അംഗം സിമി അഷറഫ് മൗനം പാലിച്ചതുമാണ് അംഗങ്ങളെ പ്രകോപിതരാക്കിയത്. കാർബൺ കമ്പനി വിരുദ്ധ സമരസമിതി കൺവീനർ സി.എസ്. അജിതൻ, മുൻ പഞ്ചായത്ത് അംഗവും സി.പി.എം പ്രാദേശിക നേതാവുമായ കാജ മൂസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ പൊലീസ് സംസാരിച്ചെങ്കിലും വിയോജിപ്പിനുള്ള കാരണം പ്രസിഡന്റ് വ്യക്തമാക്കാതെ പിൻമാറില്ലെന്ന് സമരക്കാർ അറിയിച്ചു. തുടർന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സെക്രട്ടറി ബി. നവാസ്, അംഗങ്ങളായ സിമി അഷ്‌റഫ്, ഹിത ജയൻ, സഹിത അബ്ദുൾ സലാം, കെ.എം. രജീഷ്, കൃഷ്ണകുമാർ എന്നിവരും ഗ്രാമസഭയിൽ പങ്കെടുത്തു.
വിയോജിപ്പ് രേഖപ്പെടുത്തിയത് അധികാരമില്ലാത്തതിനാലെന്ന് പ്രസിഡന്റ്
വ്യവസായ വകുപ്പാണ് കമ്പനിക്ക് അനുമതി നൽകിയത്. പഞ്ചായത്തിന് കമ്പനിയുടെമേൽ അധികാരമില്ല. അതാണ് പ്രമേയത്തോട് വിയോജിച്ചത്. ഇതിൽ കൂടുതലൊന്നും പറയാനില്ല. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് പ്രത്യേക ഗ്രാമസഭ ചേർന്ന് കമ്പനി മാറ്റി സ്ഥാപിക്കണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്.
കീഴ്മാട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്