കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് സമരപരിപാടിയുമായി മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസ് പതിച്ചത്.
ഹൈക്കോടതി പരിസരത്ത് നിന്ന് പ്രകടനമായി വന്ന പ്രവർത്തകരെ സെന്റ് തെരേസാസ് കോളേജിന് മുന്നിൽ പൊലീസ് ബാരിക്കോഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിലുൾപ്പെടെ നോട്ടീസ് പതിപ്പിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ വീണ്ടും റോഡിൽ കുത്തിയിരുന്ന് മുദ്യാവാക്യം വിളിച്ചതോടെ പൊലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു.
പ്രതിഷേധ സമരം മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.മാഹിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം ഇ.എ.അമീൻ, ജില്ലാ പ്രസിഡന്റ് പി.എ.സലീം, വൈസ് പ്രസിഡന്റുമാരായ അഡ്വ.പി.ഇ.സജൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.