കൊച്ചി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാപരാമർശങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മേനക ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേർ പങ്കാളികളായി. ധർണ പണ്ഡിതൻ വി.എച്ച്.അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച മുസ്‌ലീം ഭരണാധികാരികൾ ഈ രാജ്യത്തോട് കാണിച്ച കൂറും സഹിഷ്ണുതാപരമായ നിലപാടും സൗഹൃദവും തകർക്കാനുള്ള ശ്രമമാണ് സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ഭരണകൂടം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകനിന്ദ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.