കൊച്ചി: കിഴക്കമ്പലം- നെല്ലാട് റോഡിന്റെ നിർമ്മാണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുനാട് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കേരള റോഡ് ഫണ്ട് ബോർഡിനോടും പൊതുമരാമത്ത് വകുപ്പിനോടും റിപ്പോർട്ടു തേടിയത്. റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.