vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകളിൽ ഇന്നും ഹൈക്കോടതിയിൽ വാദം തുടരും. ഇന്നലെ ഉച്ചയ്ക്ക് ഹർജികൾ പരിഗണനയ്‌ക്കെടുത്തപ്പോൾ ചിലവിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും ഇരയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കണമെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഇതനുവദിച്ചു. തുടർന്ന് അഭിഭാഷകരടക്കമുള്ളവർ പുറത്തുപോയി. ഓൺലൈൻ സംവിധാനവും ഒഴിവാക്കി വാദം തുടർന്നു. വാദംപൂർത്തിയാകാത്ത സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.