nh

കൊച്ചി: ദേശീയപാത 66 ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ വീതികൂട്ടി വികസിപ്പിക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങൾ പൊളിച്ച് നീക്കിത്തുടങ്ങി. മൂത്തകുന്നത്ത് ആരംഭിച്ച പൊളിച്ചുനീക്കൽ കളക്ടർ ജാഫർ മാലിക് നേരിട്ടെത്തി വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണെന്നും കാലവർഷം അവസാനിക്കുന്നതിനുമുമ്പ് കെട്ടിടങ്ങൾ പൊളിക്കുന്നത് പൂർത്തിയാക്കുമെന്നും കളക്ടർ പറഞ്ഞു.

25 കിലോമീറ്ററിലായി 30 ഹെക്ടറോളം ഭൂമിയാണ് ജില്ലയിൽ ദേശീയപാത 66നായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. ഒന്നര ഹെക്ടറിൽ താഴെ സ്ഥലം മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. രണ്ടരമാസം കൊണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. കാലവർഷം അവസാനിച്ചശേഷം മറ്റു നിർമ്മാണപ്രവർത്തനങ്ങളിലേക്ക് കടക്കും. വീതി കൂട്ടുന്നതിന്റെ ഭാഗമായി ആകെ 1,200ഓളം കെട്ടിടങ്ങൾ ജില്ലയിൽ പൊളിക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എതിർപ്പുകളും ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എൻ.എച്ച്. ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ.അരുൺ, എൻ.എച്ച്.എ.ഐ മാനേജർ ദേബപ്രസാദ് സാഹു, എൽ.എ തഹസിൽദാർമാരായ സരിത പ്രഭാകർ, കെ.രാധാകൃഷ്ണൻ, ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥർ, സീനിയർ സൂപ്രണ്ട് ബേസിൽ എ.കുരുവിള, ലെയ്സൺ ഓഫീസർ അനിൽകുമാർ എന്നിവരും സ്ഥലെത്തെത്തി.

ലക്ഷ്യമിട്ടത് 2021

2021 ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം ഭാഗത്തെ വരെ കൊടുംവളവുകളിലും മറ്റും അപകടങ്ങൾ തുടർക്കഥയായതോടെയാണ് പാത വികസനത്തിന് തുടക്കമായത്. 2005ലാണ് പദ്ധതി വിഭാവനം ചെയ്തത്. 2018 ഓടെ പാതവികസനം സംബന്ധിച്ച നടപടികൾക്ക് വീണ്ടും വേഗതകൂടി.

24.8 കിലോമീറ്റർ

ചേരാനല്ലൂർ, കോട്ടുവള്ളി, വരാപ്പുഴ, വടക്കേകര, ആലങ്ങാട് പഞ്ചായത്ത്, പറവൂർ മുനിസിപ്പാലിറ്റി, ഇടപ്പള്ളി, മൂത്തകുന്നം എന്നീ വഴികളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ആകെ 24.8 കിലോമീറ്റർ. പദ്ധതി ചെലവ് 1,​50,​147 കോടി രൂപ.

1,​200

 25 കിലോമീറ്ററിലായി 30 ഹെക്ടറോളം ഭൂമിയാണ് ജില്ലയിൽ ദേശീയപാത 66നായി ഏറ്റെടുക്കുന്നത്.

 വീതി കൂട്ടുന്നതിന്റെ ഭാഗമായി ആകെ 1,200ഓളം കെട്ടിടങ്ങൾ ജില്ലയിൽ പൊളിക്കേണ്ടി വരും.