കോലഞ്ചേരി: കോരൻകടവു വഴിയുള്ള സുഗമ യാത്രക്കുള്ള കാത്തിരിപ്പിന് വിരാമം. കോരൻകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. പാലം നിർമ്മാണം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വത്തിന് ഇതോടെ അന്ത്യമായി.
ഐക്കരനാട് തെക്ക് വില്ലേജിൽ വരുന്ന 8.95 ആർ സ്ഥലം റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. നെൽക്കൃഷി ചെയ്യുന്ന മേഖല ആയതിനാൽ നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ആവശ്യമായ കൾവെർട്ടുകൾ നിർമ്മിക്കും. സ്ഥലം വിട്ടു നൽകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പൂതൃക്ക പഞ്ചായത്തിൽ ജില്ലാ കളക്ടർ ജാഫർമാലിക്ക് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു.
കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെയാണ് കോരൻകടവ് പാലം നിർമ്മിക്കുന്നത്. 2010ൽ അന്നത്തെ എം.എൽ.എ ആയിരുന്ന എം.എം.മോനായിയുടെ ശ്രമഫലമായാണ് പാലം നിർമ്മാണം ആരംഭിച്ചത്. അഞ്ച് സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കിയശേഷം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2012 ഏപ്രിലിൽ നിർമ്മാണം നിർത്തിവച്ചു. പാലത്തിനു വേണ്ട ഏഴ് സ്പാനുകളിൽ അഞ്ചെണ്ണത്തിന്റേയും നിർമ്മാണം പൂർത്തിയാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കാത്തത് മൂലം ബാക്കിയുള്ള രണ്ടെണ്ണിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ 2020ൽ പാലത്തിന് 14.3 കോടി രൂപയുടെ ഭരണാനുമതി നൽകിയതോടെയാണ് ർമ്മാണം പുനരാരംഭിച്ചത്. കരാറുകാരനെ മാറ്റി മറ്റൊരാൾക്ക് ജോലി ടെണ്ടർചെയ്ത് നൽകുകയായിരുന്നു. പൂതൃക്ക, രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുഴയ്ക്ക് കുറുകെ 125 മീറ്ററിലാണ് പാലം. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശവും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ പിറവം, കൂത്താട്ടുകുളം മേഖലകളിൽനിന്ന് കോലഞ്ചേരിയിലേക്കുള്ള ദൂരം വലിയ തോതിൽ കുറയും.