ആലുവ: ലഹരിക്കെതിരെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് റൂറൽ ജില്ലാ പൊലീസ് നാളെ മുതൽ 26 വരെ 'പ്രമുക്തി' എന്ന പേരിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. 275 സ്‌കൂളുകളിലെയും കോളേജുകളിലെയും ഒന്നരലക്ഷത്തിലധികം വിദ്യാർത്ഥികളും ജീവനക്കാരും പങ്കാളികളാവും.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ 16ന് രാവിലെ പത്തിന് എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഓൺലൈനിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. 25ന് രാവിലെ ഏഴിന് നെടുമ്പാശേരി എയർപോർട്ടിൽനിന്ന് ലഹരിവിരുദ്ധ സൈക്കിൾറാലി ആരംഭിച്ച് ആലുവ നഗരം, എടയപ്പുറംചുറ്റി തിരികെ ആലുവ മെട്രോ സ്റ്റേഷനിൽ സമാപിക്കും.

എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്‌സി ഡ്രൈവർമാർ, കുടംബശ്രീ, ആശാ വർക്കർമാർ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, എൻ.ജി.ഒകൾ, വിദ്യാർത്ഥികൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, പൊതുപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കായി ബോധവത്കരണം നടത്തും. വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പോസ്റ്റർരചന, കാർട്ടൂൺ, ക്വിസ്, ഉപന്യാസരചന എന്നീ മത്സരങ്ങളും സംഘടിപ്പിക്കും.