ആലുവ: ചെയർമാന് പനി ബാധിച്ചതിനെ തുടർന്ന് ആലുവ നഗരസഭ കൗൺസിൽ യോഗം മാറ്റാൻ അവസാന നിമിഷമെടുത്ത തീരുമാനം പ്രതിപക്ഷ എതിർപ്പിൽ പാളി. ഇതേത്തുടർന്ന് വൈസ് ചെയർപേഴ്സൺ സൈജി ജോളിയുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നു. നഗരസഭാ കാര്യാലയത്തിലെത്തിയ ചെയർമാൻ എം.ഒ. ജോൺ കൗൺസിൽ ഹാളിൽ കയറാതെ ഓഫീസ് മുറിയിൽ വിശ്രമിച്ചു.
നിയമപ്രകാരം, ഇന്നലെ വൈകിട്ട് മൂന്നിന് കൗൺസിൽ യോഗം നടക്കുമെന്ന് അജണ്ട സഹിതം എല്ലാ അംഗങ്ങളെയും അഞ്ച് ദിവസം മുൻപേ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നഗരസഭ കൗൺസിൽ ക്ളർക്ക് വിളിച്ച് ചെയർമാന് സുഖമില്ലാത്തതിനാൽ യോഗം മാറ്റിയ വിവരം അറിയിച്ചത്. എന്നാൽ അടിയന്തര സാഹചര്യമില്ലാതെ കൗൺസിൽ യോഗം മാറ്റാൻ മുനിസിപ്പൽ ആക്ട് അനുശാസിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. കൗൺസിൽ അംഗങ്ങളിൽ മൂന്നിലൊന്നുപേരും എത്തിയാൽ മുതിർന്ന അംഗത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അജണ്ടപ്രകാരം തീരുമാനം എടുക്കാമെന്ന നിയമം പ്രതിപക്ഷം ചെയർമാനെ ബോധ്യപ്പെടുത്തി. തുടർന്ന് 11.30ഓടെ കൗൺസിൽ യോഗത്തിന് മാറ്റമില്ലെന്ന അറിയിപ്പ് കൗൺസിലർമാർക്ക് ലഭിച്ചു. പിന്നാലെ വൈസ് ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ യോഗം നടന്നു. ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടായാൽ ഇടപെടുന്നതിനാണ് പനിയായിട്ടും കൗൺസിൽ ഹാളിനോട് ചേർന്നുള്ള ഓഫീസ് മുറിയിൽ വിശ്രമിക്കാൻ ചെയർമാൻ തീരുമാനിച്ചത്.