കുറുപ്പംപടി: നാളുകളായി പണി പൂർത്തിയാകാതെ കിടന്ന ഇളംബകപ്പിള്ളി സ്നേഹതീരം റോഡ് യഥാർത്ഥ്യമാകുന്നു. മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ഇളംബകപ്പിള്ളിയിൽ ഭിന്നശേഷിയുള്ളവർക്കായി പ്രവർത്തിക്കുന്ന അഭയ കേന്ദ്രമാണ് സ്നേഹതീരം റീഹാബിലേഷൻ സെന്റർ. വ്യത്യസ്ത പ്രായക്കാരായ മുപ്പതോളംപേർ ഇവിടത്തെ അന്തേവാസികളായുണ്ട്. റോഡ് യാഥാർത്ഥ്യമാകുന്നത് സ്നേഹതീരത്തെ അന്തേവാസികൾക്ക് ആശ്വാസമാണ്.
വാർഡ് അംഗം ബിന്ദു ഉണ്ണിയുടെ നിർദ്ദേശാനുസരണം എൻ.ആർ.ഇ.ജി എസിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പണി പൂർത്തീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ നിർമാണം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, അംഗങ്ങളായ ജോസ് എ.പോൾ, വൽസ വേലായുധൻ,രജിത ജയ്മോൻ, സ്നേഹതീരം ഭവൻ മനേജർ സിസ്റ്റർ നിമ വർഗീസ്, സിജിത്ത് എന്നിവർ പങ്കെടുത്തു.