
തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ നവീകരണത്തിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾക്ക് കൊച്ചി തുറമുഖ അതോറിറ്റി തുടക്കമിട്ടു. നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഡ്രഡ്ജിംഗ്, ക്ളീനിംഗ്, ആങ്കറിംഗ് തുടങ്ങിയവ നടത്തും. ഇവയ്ക്കുള്ള ടെൻഡർ നടപടികളാണ് ആരംഭിച്ചത്.
രാജ്യത്ത് അഞ്ച് ഹാർബറുകളാണ് ആത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എംപെഡ) തുറമുഖ അതോറിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2020ൽ കരാർ ഒപ്പുവച്ച പദ്ധതിക്ക് 2021ലെ കേന്ദ്ര ബഡ്ജറ്റിൽ 145 കോടി രൂപ ഫിഷറീസ് ഹാർബറിന് അനുവദിച്ചിരുന്നു. 1973ൽ നിർമ്മാണം തുടങ്ങി 1978ൽ പുർത്തിയായ കൊച്ചി ഫിഷറീസ് ഹാർബർ 27.86 ഏക്കറിലാണുള്ളത്. 250 ഗിൽനെറ്റ് ബോട്ടും 400 ലോംഗ് ലൈനർ, 300 മിനി ട്രോളറുകൾ, 70 ഓളം പേഴ്സീൻ ബോട്ടുകളുമാണ് കൊച്ചി ഹാർബറിൽ പ്രവർത്തിക്കുന്നത്.
വിശ്രമമുറിയും മൾട്ടിമാർക്കറ്റും
418 Sൺ മൽസ്യം ലേലം ചെയ്യാൻ കഴിയുന്ന വിശാലമായഹാൾ ഹാർബറിന്റെ പ്രത്യേകതയാണ്. ജോലിക്കാരായി 8000ത്തോളം പേരുമുണ്ട്. 91.97 കോടി രൂപയ്ക്കാണ് ഹാർബർ നവീകരണത്തിന്റെ ആദ്യ ടെൻഡർ ക്ഷണിച്ചത്.
ശുചിത്വ ഹാൾ, ലേല ഹാൾ, ജലശുദ്ധീകരണ പ്ലാന്റ്, ഐസ് നിർമ്മാണ യൂണിറ്റ്, റീട്ടെയിൽ മാർക്കറ്റ്, പാർക്കിംഗ് ഹാൾ, വിശ്രമമുറി, കാന്റീൻ, ഫുഡ് കോർട്ട്, വിശ്രമമുറി തുടങ്ങി മൾട്ടിമാർക്കറ്റ് സംവിധാനമൊക്കെ നവീകരണ പദ്ധതിയിലുണ്ട്. 2024ൽ പദ്ധതി പൂർത്തിയാക്കണമെന്നാണ് കേന്ദ്രനിർദേശം.