nh-66

പറവൂർ: ദേശീയപാത 66ന്റെ നിർമാണത്തിന് മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. ജില്ലാകളക്ടർ ജാഫർ മാലിക്കിന്റെ സാന്നിദ്ധ്യത്തിൽ വടക്കേക്കര വില്ലേജിലെ ലേബർകവലയിലെ വീടാണ് ജെ.സി.ബി ഉപയോഗിച്ച് ആദ്യം പൊളിച്ചത്. ഭൂമിയേറ്റെടുക്കൽ അന്തിമഘട്ടത്തിൽ എത്തിയതായി കളക്ടർ പറഞ്ഞു. മുപ്പത് ഹെക്ടറോളം ഏറ്റെടുത്തു. ഒന്നരഹെക്ടറിൽ താഴെ മാത്രമേ ഇനി ഏറ്റെടുക്കാനുള്ളു. വടക്കൻ ജില്ലകളിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയശേഷം റോഡ് നിർമാണത്തിലേക്ക് കടന്നു.

മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെ ആയിരത്തി ഇരുന്നൂറോളം കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. രണ്ടര മാസത്തിനുള്ളിൽ പൂർത്തിയാക്കി മഴക്കാലം കഴിയുന്നതോടെ റോഡ് നിർമ്മാണത്തിലേക്ക് കടക്കും. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തർക്കങ്ങളും കേസുകളും അവസാനിച്ചിരുന്നു. ആലങ്ങാട് വില്ലേജിൽ ചിലഭൂവുടമകൾ നൽകിയ കേസിൽ സർക്കാരിന് അനുകൂലവിധിയുണ്ടായി. അതിനാൽ, സുഗമമായി തുടർപ്രവർത്തനങ്ങൾ നടത്താനാകും. നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഭൂമിയുടെ രേഖകൾ നൽകാൻ ബുധനാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. പരമാവധി പണം ഭൂമിയേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽനിന്ന് നൽകാനാണ് ശ്രമം. 250 കോടിയിൽ താഴെ രൂപ മാത്രമേ ഇനി കൊടുക്കാനുള്ളൂ. 1,300 കോടിയോളം രൂപ കൊടുത്തു കഴിഞ്ഞതായി കളക്ടർ പറഞ്ഞു. സ്വന്തം നിലയിൽ കെട്ടിടം പൊളിച്ചവരുണ്ട്. ഉടമകൾ പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ സാമഗ്രികൾ അവർക്ക് എടുക്കാം. കരാറുകാരനാണ് പൊളിക്കുന്നതെങ്കിൽ കെട്ടിടത്തിലെ വസ്തുക്കൾ കരാറുകാരൻ കൊണ്ടുപോകും. വരും ദിവസങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കാൻ കൂടുതൽ യൂണിറ്റുകൾ എത്തും.