 
തൃക്കാക്കര: മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതികരിച്ചതിന് യുവാവിനെ ആക്രമിച്ച കേസിൽ കാപ്പാ കേസ് പ്രതി അറസ്റ്റിൽ. കാക്കനാട് അത്താണി ഇരുപത്തൊന്ന് സെന്റ് കോളനിയിൽ വെളിയിൽവീട്ടിൽ കൃഷ്ണകുമാറാണ് (രഞ്ജിഷ് 34) പിടിയിലായത്. കഴിഞ്ഞ 11ന് രാത്രി എട്ടരയോടെ വീടിന് സമീപത്തുവച്ചാണ് കാക്കനാട് അത്താണി പടന്നക്കൽ വീട്ടിൽ ജോയൽ സേവ്യറിന് മർദ്ദനമേറ്റത്. ജോയലിന്റെ കരച്ചിൽകേട്ട് ഓടിയെത്തിയ സഹോദരിയെയും പ്രതി ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ജോയൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ തൃക്കാക്കര പൊലീസ് പള്ളിക്കരയിൽനിന്ന് പിടികൂടുകയായിരുന്നു. കാക്കനാട് - ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ കേസുകളിലെ പ്രതിയായ കൃഷ്ണകുമാറിനെതിരെ കാപ്പ ചുമത്തിയതിനാൽ നാട്ടിൽനിന്ന് മാറി നിൽക്കുകയായിരുന്നു. പ്രതിക്കെതിരെ കാപ്പ ലംഘനത്തിനും പൊലീസ് കേസെടുത്തു.
തൃക്കാക്കര അസി.കമ്മീഷണർ പി.വി ബേബി, സി.ഐ ആർ. ഷാബു എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ അനീഷ് പി.ബി.ബിനു.റോയ് കെ പൊന്നൂസ്, അഡി.എസ്.ഐ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, അനീഷ് ബാലൻ, സോണി യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം അത്താണിയിൽ നടന്ന യോഗത്തിൽ അത്താണിയിൽ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച് ജോയൽ ചൂണ്ടിക്കാട്ടിയിരുന്നു.