
കളുശേരി: ഒ പോസിറ്റീവ് രക്തം കിട്ടാതെയെത്തുന്ന ഓരോ ഫോൺ വിളിക്കും അപ്പുറത്ത് ജീവരക്തം നൽകാൻ തയ്യാറായി കിട്ടു ജബ്ബാൻ ഉണ്ടാവും. കഴിഞ്ഞ 35 വർഷത്തിനിടെ ജില്ലയിലെ ഏതറ്റത്തും രക്തം ആവശ്യമുള്ളവർക്കായി ജബ്ബാർ ഓടിയെത്തും. അപൂർ രക്ത ഗ്രൂപ്പ് അല്ലാതിരുന്നിട്ടും ഒ പോസിറ്റീവ് രക്തഗ്രൂപ്പിന് ആവശ്യക്കാർ ഏറെയാണെന്ന് ജബാർ സാക്ഷ്യപ്പെടുത്തുന്നു.
ചുമട്ടുതൊഴിലാളിയായ ഏലൂർ വടക്കുംഭാഗം വേലൻ പറമ്പിൽ വീട്ടിലെ 52 കാരനായ കിട്ടു ജബ്ബാർ ഒരു മടിയും കൂടാതെ സ്വന്തം കൈയിലെ പണം മുടക്കിയെത്തും. കണ്ണൂരിൽ വരെ സ്വന്തം ചെലവിൽ രക്തം നൽകാൻ ജബ്ബാർ പോയിട്ടുണ്ട്.
ജബാറിന്റെ സുമനസിന് നിരവധി ആദരങ്ങളാണ് തേടിയെത്തിയിട്ടുള്ളത്. ഐ.എം.എ മുഖാന്തിരം റെഡ് ക്രോസ് സംഘടനയുടെ പുരസ്കാരവും ജബ്ബാറിനെ തേടിയെത്തി.
2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനും ശുചീകരണത്തിനും സഹായഹസ്തവുമായി ഓടി നടന്നു. കൊവിഡ് കാലത്തും രോഗികളെ ശുശ്രൂഷിക്കാനും മരുന്ന് എത്തിക്കാനും ജബ്ബാർ മുന്നിലുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനും ജബ്ബാറെത്തി. സി .പി .എം വടക്കുംഭാഗം വായനശാലാ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ വാഹിദ, പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ തസ്ലിമയും പിതാവിന്റെ വഴി പിന്തുടരാൻ മുന്നോട്ടുവന്നു കഴിഞ്ഞു. രണ്ടാമത്തെ മകൾ തനൂജ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.