കോലഞ്ചേരി: പട്ടിമറ്റം ഫയർസ്റ്റേഷന് അനുവദിച്ച അത്യാധുനിക ഫയർ വാട്ടർ ടെൻഡർ വാഹനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ.വിശ്വപ്പൻ, ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഇബ്രാഹിം, എൻ.ഒ.ബാബു, സ്റ്റേഷൻ ഓഫീസർ ഇൻചാർജ് പി.ആർ. ലാൽജി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമരായ പി.എ.ലിഷാദ്, ജോബി മാത്യു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്ത് ഇക്കുറി അനുവദിച്ച പത്ത് വാഹനങ്ങളിൽ ഒന്നാണ് പട്ടിമറ്റത്തിന് ലഭിച്ചത്. 5,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കും ജി.പി.എസ് സംവിധാനവും വാഹനത്തിലുണ്ട്.
പമ്പിൽനിന്ന് ഒരേസമയം നാല് ഡെലിവറി ഹോസുകൾ കണക്ട് ചെയ്തു പ്രവർത്തിപ്പിക്കാൻ സാധിക്കും. സെൻസർ സംവിധാനമുള്ള ഫുൾ ഓട്ടോമാറ്റിക്കായ അത്യാധുനിക സംവിധാനവുമുണ്ട്. ഉയരമുള്ള കെട്ടിടങ്ങളിൽ ഉണ്ടാകുന്ന തീ അണയ്ക്കുന്നതിനായി ഹോസ് ഉപയോഗിക്കാതെ തന്നെ വാഹനത്തിന്റെ മുകളിലുള്ള മോണിറ്റർ സംവിധാനം ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ സാധിക്കും. കൂടാതെ പോർട്ടബിൾ ഏരിയ സ്‌പോട് ലൈറ്റ് സംവിധാനവുമുള്ളതാണ് ഈ വാഹനം.