panda

കൊച്ചി: പശ്ചിമകൊച്ചിയുടെ കനാലുകളുടെ പുനരുജ്ജീവനത്തിന് തുടക്കമിട്ട് പണ്ടാരച്ചിറതോടിന്റെ നവീകരണത്തിന് വഴിതെളിയുന്നു. അന്താരാഷ്‌ട്ര സംഘടനയായ ഐ.സി.എൽ.ഇ.ഐയുടെ പഠനത്തിന് ശേഷമാണ് പണ്ടാരച്ചിറത്തോടിന്റെ നവീകരണം പ്രായോഗികമാകുമെന്ന് കൗൺസിലിന് മുന്നിൽ റിപ്പോർട്ടെത്തിയത്.

പണ്ടാരച്ചിറത്തോടിൽ മാതൃകാ പുനരുജ്ജീവന പദ്ധതി വിജയിപ്പിച്ചതിന് ശേഷം പശ്ചിമ കൊച്ചിയിലെ എല്ലാ തോടുകളും ശുചീകരിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. പശ്ചിമ കൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ഒട്ടേറെ നടപടികൾ കൗൺസിൽ എടുത്തിട്ടുണ്ട്. എറണാകുളം നഗരത്തിൽ പുനരുജ്ജീവന പദ്ധതിയുമായി കെ.എം.ആർ.എൽ മുന്നോട്ട് പോകുകയാണ്. എന്നാൽ,​ ഏറ്റവും പ്രധാനപ്പെട്ട രാമേശ്വരം മാന്ത്ര കനാൽ ഇതിൽ ഉൾപ്പെട്ടിട്ടില്ല.

സ്മാർട്ട്സിറ്റി പദ്ധതിയിൽ നിന്ന് 10 കോടി രൂപ നീക്കിവച്ച് ഈ കനാലിന്റെ പുനരുജ്ജീവനത്തിനും കോർപ്പറേഷൻ നടപടി തുടങ്ങി. ഇതോടൊപ്പം രാമേശ്വരം കനാലും പണ്ടാരച്ചിറത്തോടും പള്ളിച്ചാൽ തോടുമെല്ലാം പൂർണമായും ചെളി നീക്കി ശുചീകരിക്കേണ്ടതുണ്ട്. ഇതിനായി ഒരു ശാസ്ത്രീയമായ സ്വീവേജ് സംവിധാനവും മാലിന്യ സംസ്‌കരണ പദ്ധതിയും പാലങ്ങളുടെ പുനർ നിർമ്മാണവുമെല്ലാം വേണ്ടി വരും.
പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഇല്ലാത്തത് പ്രതിസന്ധിയാണ്. തുടർന്നാണ് ഐ.സി.എൽ.ഇ.ഐയുടെ സഹകരണം തേടിയത്. പണ്ടാരച്ചിറത്തോടിന്റെ നവീകരണത്തിന് ഫണ്ട് സ്വിസ് ആർ.ഇ ഫൗണ്ടേഷൻ ഉൾപ്പെടെ മറ്റ് ധനകാര്യ ഏജൻസികളിൽ നിന്ന് സമാഹരിക്കുന്നതിനാണ് ഐ.സി.എൽ.ഇ.ഐ ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതിയും ഇതിന് ലഭിച്ചിട്ടുണ്ട്. കൗൺസിലിൽ നടന്ന പദ്ധതി അവതരണത്തിൽ ഐ.സി.എൽ.ഇ.ഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇമാനി കുമാർ പങ്കെടുത്തു.

ചരിത്ര പ്രാധാന്യമുള്ള കനാലുകൾ

പശ്ചിമകൊച്ചിയുടെ ജീവനാഡിയായിരുന്നു കൽവത്തി-രാമേശ്വരം ബൗണ്ടറി കനാൽ. ആലപ്പുഴയിൽ നിന്ന് മാട്ടാഞ്ചേരിയിലേക്ക് ചരക്ക് വള്ളങ്ങൾ എത്തിയിരുന്നത് ഇതുവഴിയാണ്. കൊച്ചിയിലെ സ്ഥലനാമങ്ങൾക്കു പിന്നിലും ഈ കച്ചവടബന്ധമുണ്ട്. ചിരട്ട, കരി ലോഡ് ഇറക്കിയിരുന്ന സ്ഥലമാണ് പിന്നീട് ചിരട്ടപ്പാലവും കരിപ്പാലവുമായി മാറിയത്.

കപ്പലിൽ നിന്ന് ചരക്കിറക്കാനുള്ള തോണികൾ കെട്ടിയിട്ടിരുന്നതും ഈ തോട്ടിലാണ്. എന്നാൽ കൈയേറ്റത്തെ തുടർന്ന് കാലക്രമേണ കനാലിന്റെ വീതികുറഞ്ഞു. ഇത് ദുർഗന്ധ വാഹിനിയായി മാറി. പണ്ടാരച്ചിറത്തോട്, മാന്ത്രക്കനാൽ, പഷ്ണിതോട്, പെരുമ്പടപ്പ് തോട്, വാച്ചാക്കൽ തോട് എന്നിവയാണ് പശ്ചിമകൊച്ചിയിലെ മറ്റു പ്രധാന കനാലുകൾ.