പറവൂർ: പറവൂർ - ആലുവ റോഡിൽ ആനച്ചാൽ ഭാഗത്ത് പതിനാറ് ഏക്കറിലധികം ഭൂമി മണ്ണിട്ട് നികത്താൻ ശ്രമം. ഒരാഴ്ചയായി ടോറസിൽ പകലും രാത്രിയിലുമാണ് മണ്ണ് അടിക്കുകയാണ്. ഇതിനകം നൂറിനടുത്ത് ലോഡ് മണ്ണ് അടിച്ചിട്ടുണ്ട്. നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല. കരുമാല്ലൂർ വില്ലേജിൽപ്പെട്ട പതിനാറ് ഏക്കറിലധികം സ്ഥലത്താണ് മണ്ണ് അടിക്കുന്നത്. ഇതിൽ നല്ലൊരുഭാഗം കണ്ടൽകാടുകളാണ്.

ഇതിൽ ആറര ഏക്കർ ഭൂമി നിലമായിരുന്നു. ഇത് പുരയിടമാക്കി മാറ്റിയിട്ടുണ്ട്. പത്ത് ഏക്കറോളം ഭൂമി തണ്ണീർതടവും നിലവുമാണ്. പുരയിടമാക്കി മാറ്റിയാലും മണ്ണിട്ട് ഉയർത്താൻ പാടില്ലന്നാണ് നിയമം. തണ്ണീർതട്ടവും നിലവും തൽസ്ഥിയിൽ മാറ്റം വരുത്താൻപാടില്ല. വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിൽ ഉപേക്ഷിച്ചു. തണ്ണീർതടം നികത്തുന്നതിനെതിരെ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, വനംവകുപ്പ്, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമവരുദ്ധമായി പ്രവർത്തനം കണ്ടെത്തിയാൽ നടപടിയുണ്ടാകും.

അംബിക, തഹസിൽദാർ പറവൂർ.

തഹസിൽദാരുടെ നിർദ്ദേശത്തെ തുടർന്ന് കരുമാല്ലൂർ വില്ലേജ് ഓഫീസറോട് അന്വേഷിച്ച് ഉടനെ റിപ്പോർട്ട് നൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ കൂടുതൽ പരിശോധ നടത്തും.

പ്രീയ, തഹസിൽദാർ ഭൂരേഖ.

ഭൂമി മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിപ്പെട്ടില്ല, ആരുടേയും പരാതി ലഭിച്ചിട്ടില്ല. ഇത്രയും അധികം ഭൂമി നികത്തുന്നത് നിയമവിരുദ്ധമാണ്.

രാജീവ്, വില്ലേജ് ഓഫീസർ, കരുമാല്ലൂർ