mla

20.46 കോടി രൂപയുടെ ടെൻഡർ

മുവാറ്റുപുഴ : അന്താരാഷ്ട്ര നിലവാരത്തിൽ മൂവാറ്റുപുഴ നഗരത്തിന്റെ മുഖച്ഛായയ്ക്ക് മാറ്റം വരുത്തി സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. മൂവാറ്റുപുഴ ടൗൺ വികസനത്തിന് ടെൻഡർ നടപടി പൂർത്തിയായതായി മാത്യു കുഴൽ നാടൻ എം. എൽ. എ അറിയിച്ചു. മുമ്പ് തയ്യാറാക്കിയതിൽ നിന്ന് കാതലായ മാറ്റങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാലുവരി പാതകളും മീഡിയനുകളുമടക്കം പുതുക്കിയ ടൗൺ വികസന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടിക്രമങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

20.46 കോടി രൂപയുടെ ടെൻഡറാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പ് ഉൾപടെ 32.14 കോടിയാണ് പ്രൊജക്റ്റിന് ചെലവ് കണക്കാക്കിയിരിക്കുന്നത്.

നഗര വികസനം അതിവേഗം പൂർത്തിയാക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്ന് എം.എൽ.എ പറഞ്ഞു.

പൊതുമരാമത്ത്, റവന്യൂ വകുപ്പ് മന്ത്രിമാരുമായി നടത്തിയ നിരന്തര ഇടപെലാണ് ടെൻഡർ നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത് - കിഫ് ബി ഉദ്യോഗസ്ഥരും നഗര വികസന സ്വപ്നങ്ങളിലേക്കുള്ളയാത്രയിൽ ഒപ്പം നിന്നുവെന്നും എം .എൽ.എ പറഞ്ഞു.

സ്ഥലം ഏറ്റെടുക്കൽ നടപടി വൈകിയതാണ് പദ്ധതിക്ക് പ്രധാന തടസമായത്. നിരന്തര ഇടപടെലിൽ അത് നീക്കാൻ കഴിഞ്ഞു. നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനായി മാത്രം 3.17 കോടി രൂപ വൈദ്യുതി ബോർഡിന് കിഫ്ബി അനുവദിച്ചു. മുമ്പ് 35 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്. വെള്ളൂർകുന്നം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള 1.85 കിലോമീറ്റർ ദൂരത്തിലാണ് നാലുവരിപ്പാതയടക്കം നഗര വികസനം ഒരുങ്ങുന്നത്.

നഗര പ്രദേശത്ത് 7.8 മീറ്ററുകൾ ഉള്ള രണ്ട് റോഡുകളാണ് വരിക. ഇതിന് ഇരുഭാഗത്തും 2.2 - 1.8 മീറ്ററുകളിലായി ഫുട്പാത്തുകൾ നിർമ്മിക്കും. പാർക്കിംഗ് ഏരിയകളും മറ്റ് യൂറ്റിലിറ്റി പോയിന്റുകളും ഇവിടെ സ്ഥാപിക്കും. വിവിധ സേവന ദാതാക്കൾക്കുള്ള യൂട്ടിലിറ്റി കോറിഡോറുകൾ അടയാളപ്പെടുത്തുന്ന വിശദമായ ക്രോസ് സെക്ഷൻ പി.ഇ.ഡി മൊഡ്യൂളിൽ സമർപ്പിക്കും. സെൻട്രൽ മീഡിയനുകളിൽ നഗര ഭംഗി കൂട്ടാൻ പൂന്തോട്ടവും സ്ഥാപിക്കും. നഗരത്തിലെ മുഴുവൻ വെദ്യുതി - ടെലിഫോൺ പോസ്റ്റുകളും വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളും മാറ്റി നഗരത്തെ സുന്ദരമാക്കി മാറ്റുമെന്ന് എം. എൽ .എ പറഞ്ഞു.

പതിവായ വൈദ്യുതി മുടക്കവും പൊട്ടി ഒലിക്കുന്ന കുടിവെള്ള പൈപ്പുകളും ഇനി പഴം കഥയാവും ഇതിനായി ഭൂമിക്കടിയിലൂടെ ഡക്ട് നിർമ്മിച്ച് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും ടെലിഫോൺ ലൈനുകളും അതിലൂടെയാക്കുന്നതാണ് പുതിയ പ്ലാൻ .