kaumudi

10 ദിവസത്തിനകം ഗതാഗതയോഗ്യമാക്കും

ഓംബുഡ്‌സ്മാന് ഫയലുകൾ കൈമാറി

ആലുവ: തർക്കത്തെ തുടർന്ന് മുടങ്ങിയ ശിവരാത്രി മണപ്പുറത്തെ ആർച്ച് നിർമ്മാണം പുനരാരംഭിച്ചു. ആർച്ച് നിർമ്മാണം വൈകിയാലും 10 ദിവസത്തിനകം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ദേവസ്വം അധികൃതരുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്.

'മണപ്പുറത്തെ ആർച്ച് നിർമ്മാണം മുടങ്ങി' എന്ന തലക്കെട്ടിൽ കഴിഞ്ഞ 13ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്. ആർച്ചിന് പുറമെ ആൽത്തറയിൽ നിന്ന് മണപ്പുറത്തേക്ക് ഇറങ്ങുന്ന റോഡ് ഒരടിയോളം ഉയരത്തിൽ കരിങ്കല്ല് പാകുന്നുണ്ട്. നിർമ്മാണം മുടങ്ങിയതോടെ കരിങ്കല്ല് പാകലും പാതിയായി കിടക്കുന്നതിനാൽ കാൽനട യാത്രയും ദുസഹമാണ്. വാഹനങ്ങൾ ഒരു അര കിലോമീറ്ററിലേറെ ചുറ്റികറങ്ങണം. മഴ പെയ്താൽ വാഹനങ്ങൾ മണപ്പുറത്തെ ചെളിയിൽ പുതയും. കുഴിയടക്കാൻ വിരിച്ച കരിങ്കല്ല് ചീളുകൾ വാഹനങ്ങളുടെ അടിയിൽ തട്ടുന്നതും പതിവായി. ഇതിനിടെ ക്ഷേത്ര ദർശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിക്കും സമാനമായ അനുഭവം ഉണ്ടായി. ഇതേതുടർന്ന് ദേവസ്വം ഓംബുഡ്‌സ്മാൻ റിപ്പോർട്ട് തേടിയതും ഉദ്ധരിച്ചായിരുന്നു കേരളകൗമുദി വാർത്ത.

മണപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു കരാറുകാരൻ മധുവിനെ വിളിച്ചുവരുത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കാൻ നിർദ്ദേശിച്ചത്. ഓംബുഡ്‌സ്മാന് ആർച്ച് നിർമ്മാണം സംബന്ധിച്ച പൂർണ ഫയലുകൾ നൽകിയതായും ഒ.ജി. ബിജു പറഞ്ഞു. 28,29 തീയതികളിൽ മിഥുനമാസത്തിലെ വാവാണ്. അന്ന് കൂടുതൽ ആളുകൾ തർപ്പണത്തിനെത്തും. ജൂലായ് 28ന് കർക്കിടകവാവുമാണ്. ശിവരാത്രി കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ തർപ്പണത്തിനെത്തുന്നത് കർക്കിടക വാവിന് മുമ്പായി ആർച്ചും പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ അമ്പാട്ടുകാവ് സ്വദേശിയായഭക്തനാണ് 12 ലക്ഷം രൂപ ചെലവിൽ ആർച്ച് നിർമ്മിക്കുന്നത്. പ്രതീക്ഷിച്ചതിലധികം കരിങ്കല്ല് ചെലവായതിനാൽ കരാർ തുക ഉയർത്തണമെന്ന ആവശ്യമാണ് നിർമ്മാണം മുടങ്ങാൻ കാരണമെന്നാണ് പറയുന്നത്.

കരാർ തർക്കമില്ല, കരിങ്കല്ല് ക്ഷാമമാണ് അനിശ്ചിതത്വത്തിലാക്കിയതെന്ന് കരാറുകാരൻ

ആർച്ച് നിർമ്മാണ സ്പോൺസറുമായി തർക്കമില്ലെന്നും കരിങ്കല്ല് ക്ഷാമമാണ് നിർമ്മാണം വൈകാൻ കാരണമെന്നും കരാറുകാരൻ മധു 'കേരളകൗമുദി'യോട് പറഞ്ഞു. ക്വാറികളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ തമിഴ്നാട്ടിൽ നിന്നുമാണ് കരിങ്കല്ല് വരുന്നത്. ഒരാഴ്ച്ചക്കകം റോഡ് ഗതാഗതയോഗ്യമാക്കും.