
കൊച്ചി: പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവും സംരക്ഷിച്ചുകൊണ്ടുള്ള വികസനയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യയുടേയും സി-ഹെഡിന്റേയും സഹകരണത്തോടെ കോർപ്പറേഷൻ സുഭാഷ് പാർക്കിൽ തയാറാക്കിയ പ്രകൃതി വ്യാഖ്യാന മേഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ വൃക്ഷങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, ഐ.സി.എൽ.ഇ.എ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇമാനി കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബാലാൽ, എം.എച്ച്.എം അഷറഫ്, പ്രിയ പ്രശാന്ത്, സി-ഹെഡ് ഡയറക്ടർ ഡോ.രാജൻ സി., കൗൺസിലർ പത്മജ എസ്.മേനോൻ, സെക്രട്ടറി എ.എസ്. നൈസാം എന്നിവർ സംസാരിച്ചു.
പാർക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മൂന്ന് സെന്റ് സ്ഥലത്താണ് പ്രകൃതി വ്യാഖ്യാന മേഖല. പശ്ചിമഘട്ടത്തിലേയും വേമ്പനാട് കായലിലേയും ആവാസ വ്യവസ്ഥകളെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന ഒന്നാണിത്.