കൊച്ചി: കേരളത്തിൽനിന്ന് വീട്ടമ്മമാരെ കുവൈറ്റിലെത്തിച്ച് സമ്പന്ന അറബ് കുടുംബങ്ങൾക്ക് വില്പന നടത്തുന്ന മലയാളി സംഘത്തെക്കുറിച്ച് കേന്ദ്രഏജൻസികൾ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ കഴിഞ്ഞകാലങ്ങളിലെ ഇടപാടുകളും വിദേശയാത്രാവിവരങ്ങളം മറ്റും ശേഖരിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരയായി നാട്ടിൽ തിരിച്ചെത്തിയവരിൽനിന്ന് മൊഴിയെടുത്തായും സൂചനയുണ്ട്.

എറണാകുളം സ്വദേശിയും വിദേശറിക്രൂട്ടിംഗ് ഏജൻസി ഉടമയുമായ അജു, കുവൈറ്റി​ലുള്ള കണ്ണൂർ സ്വദേശി മജീദ് (ഗസലി) എന്നിവർക്കെതിരെയാണ് അന്വേഷണം. രക്ഷപ്പെട്ടെത്തിയ എറണാകുളം സ്വദേശിനിയായ വീട്ടമ്മ ഇവർക്കെതിരെ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അജു ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്തിടെ കോടതി തള്ളിയിരുന്നു. കുവൈറ്റിൽ താമസിക്കുന്ന മജീദിന്റെ ചിത്രമടക്കം കേന്ദ്രസംഘത്തിന്റെ കൈവശമുണ്ട്. വീട്ടമ്മയുടെ ഭർത്താവ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.

സംഭവത്തിൽ കൊച്ചി സിറ്റി പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ മനുഷ്യക്കടത്ത് വിവരമുണ്ടായിരുന്നില്ലെന്നും ഇക്കാര്യമുൾപ്പെടെ പരിശോധിച്ച് തുടർനടപടി വേഗത്തിലാക്കുമെന്നും പൊലീസ് പറഞ്ഞു. ഫെബ്രുവരി 14നാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മയെ വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച് അവിടെനിന്ന് കുവൈറ്റിലേക്ക് കടത്തി അറബികൾക്ക് വിറ്റത്. പത്തുലക്ഷം രൂപയ്ക്കായിരുന്നു ഇടപാട്. നിരവധിപേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് തിരിച്ചെത്തിയ വീട്ടമ്മയുടെ മൊഴി. എറണാകുളത്തുകാരിയായ സ്ത്രീയുൾപ്പെടെ ക്രൂരമർദ്ദനമേറ്റ് അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിവാദമായതിന് പിന്നാലെ ഏതാനും ചിലരെ സംഘം ഒളിപ്പിച്ചിട്ടുണ്ടെന്നുമാണ് തിരിച്ചെത്തിയവർ പറയുന്നത്. കുവൈറ്റിലെ മൂന്ന് മലയാളി അസോസിയേഷന്റേതുൾപ്പെടെ സഹായത്തോടെ മാർച്ചിലാണ് മൂന്നുപേരെ തിരിച്ചെത്തിച്ചത്.

കുവൈറ്റിൽ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലുൾപ്പെടെ നോട്ടീസ് പതിച്ചാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. റിക്രൂട്ട്‌മെന്റും വിസയും വിമാന ടിക്കറ്റുമുൾപ്പെടെ സൗജന്യമായതിനാലാണ് മൂവരും ഇവരെ സമീപിച്ചത്. 60,000 രൂപയായിരുന്നു ശമ്പളവാഗ്ദാനം.