കൊച്ചി: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തുകയും തെറ്റായ മറുപടി നൽകുകയും ചെയ്ത വിവരാവകാശ ഓഫീസർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണർ 25,000 രൂപ പിഴ ചുമത്തി. തൃപ്പൂണിത്തുറ നഗരസഭ വിവരാവകാശ ഓഫീസറും എക്‌സിക്യുട്ടീവ് എൻജിനിയറുമായ ടി.എ. അമ്പിളിയെയാണ് ശിക്ഷിച്ചത്.

ഇരുമ്പനം സ്വദേശി സി.ബി. അശോകനാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. നിയമം അനുശാസിക്കുന്ന 30 ദിവസത്തിന് പകരം 144 ദിവസമെടുത്താണ് വിവരം നൽകിയതെങ്കിലും മറുപടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. വിവരാവകാശ കമ്മീഷ്ണർ ഡോ. കെ.എൽ. വിവേകാനന്ദനാണ് പിഴശിക്ഷ വിധിച്ചത്.

തൃപ്പൂണിത്തുറ നഗരസഭയിലെ 16- ാംവാർഡിൽ ജെ.ആർ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൈപ്പഞ്ചേരി റോഡിന്റെ സംരക്ഷണഭിത്തിയിൽ മതിൽ നിർമ്മിക്കുന്നതിന് നൽകിയ പെർമിറ്റിന്റെയും ഇതു സംബന്ധിച്ച് അനധികൃത നിർമ്മാണം ആരോപിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ നഗരസഭയുടെ തീരുമാനത്തിന്റെ പകർപ്പുകളാണ് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്. വിവരങ്ങളും പകർപ്പുകളും 15 ദിവസത്തിനുള്ളിൽ നൽകേണ്ടതാണെന്ന് കമ്മീഷൻ ഉത്തരവു പുറപ്പെടുവിച്ചിട്ടും വൈകിയാണ് ഓഫീസർ മറുപടി നൽകിയത്. ഓഫീസർ പിഴ ട്രഷറിയിൽ അടച്ച് രസീത് കമ്മീഷന് നൽകി.