വൈപ്പിൻ: കർഷകർക്കൊപ്പം പൊക്കാളിക്കൃഷിക്ക് നിലമൊരുക്കി കോളേജ് വിദ്യാർത്ഥികൾ. രാജഗിരി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് പൊക്കാളി കൃഷിരീതി നേരിട്ട് പഠിക്കാനായി വൈപ്പിൻകരയിൽ നായരമ്പലം നെടുങ്ങാടുള്ള വട്ടത്തറ മുണ്ടാടൻ ജോർജ്ജ് ജോസഫിന്റെ ഉടമസ്ഥതയിലെ സാൻജോ ഇക്കോ ഫാമിൽ നിലമൊരുക്കാൻ കൂടിയത്.
അദ്ധ്യാപകരായ ഡോ. ബിന്ദ്യ അഭിലാഷ്, ഡോ. ആൻ ബേബി ,റവ. ഫാ. ഏയ്ഞ്ചലോ ബേബി, പ്രൊഫ. സുനു മേരി എബ്രഹാം, പ്രൊഫ. ഷിജു തോമസ്, പ്രൊഫ.സബീൻ ഗോവിന്ദ്, കോ-ഓർഡിനേറ്റർ രഞ്ജിത്ത് കെ. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ എം.സി.എ./എം.എസ്.സി ഡിപ്പാർട്ടമെന്റുകളിൽ നിന്നുള്ള 36 ആൺകുട്ടികൾക്കൊപ്പം 53 പെൺകുട്ടികളും നിലമൊരുക്കാൻ ഒത്തുകൂടി. കുഫോസ് ഫാം സൂപ്രണ്ടും ഗ്രാസ് റൂട്ട് രക്ഷാധികാരിയുമായ കെ.കെ. രഘുരാജ് പൊക്കാളി കൃഷിരീതിയുടെ പ്രാധാന്യത്തെപ്പറ്റി സന്ദേശം പങ്കുവച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. എം.ഡി. സാജു, അസി. ഡയറക്ടർ ഫാ. ഷിന്റോ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
നായരമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഗ്രാസ് റൂട്ട് ആണ് കോളേജ് വിദ്യാർത്ഥികൾക്കായുള്ള പൊക്കാളി ഫാമിംഗ് വർക്‌ഷോപ്പ് നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഷിനു, ബീന ജഗദീശൻ, കൃഷി ഓഫീസർ അനിത എന്നിവരും പങ്കെടുത്തു.