mela

മൂവാറ്റുപുഴ: നാടൻ തൂമ്പ മുതൽ ഗാർഡൻ ടില്ലർ വരെ ഒരുക്കി കൃഷി വകുപ്പിന്റെ കാർഷികോപകരണ പ്രദർശന,വിപണന മേള ശ്രദ്ധേയമായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുടുംബ സൗഹൃദക്കൃഷിക്ക് ആവശ്യമായ കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശന വിപണന മേളയാണ് ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ചത്.

മഞ്ഞള്ളൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ബ്ലോക്കിലെ മറ്റു കൃഷിഭവനുകളുടെ സഹായത്തോടെ മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിലെ വാഴക്കുളത്താണ് ‌ മേള നടത്തിയത്. നാടൻ കാർഷിക ഉപകരണങ്ങൾ, ട്രീ കട്ടർ, കുഴിയെടുക്കാനായി ഉപയോഗിക്കുന്ന ഓഗർ, വിവിധയിനം പവർ സ്പ്രെയർ, ചെയിൻ സോകൾ, ഗാർഡൻ ടില്ലർ, പൈനാപ്പിൾ ഇല കട്ട് ചെയ്യുന്ന കട്ടർ, ചാണകം ഉണക്കി പൊടിക്കുന്ന മെഷീനടക്കം മേളയിൽ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു. സർക്കാർ - സ്വകാര്യ ഏജൻസികളുടെതടക്കം 9 സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു. കാർഷിക യന്ത്രങ്ങളെ കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കുക:ഇവ വാങ്ങുന്നതിന് സർക്കാർ- കാർഷിക യന്ത്രവത്കരണ പദ്ധതി, സ്റ്റേറ്റ് ഹോർടിക്കൾച്ചർ മിഷൻ മുതലായവ വഴി നൽകുന്ന സാമ്പത്തിക സഹായങ്ങൾ പരിചയപ്പെത്തുക എന്നിവയും മേള ലക്ഷ്യമിട്ടു.ഈ മേഖലയിലെ വിഗ്ദധർ നയിക്കുന്ന ക്ലാസ്സുകളും നടന്നു. മാറുന്ന കാലാവസ്ഥയിൽ ജാതി, കൊക്കോ, കപ്പ ചക്ക മുതലായ പ്രധാന വിളകളുടെ മൂല്യവർധനവിനായി "ഒരു കുടുംബം - ഒരു ഡ്രയർ " എന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള ഡ്രയർ കളുടെ വിവരങ്ങളും മേളയിൽ ലഭ്യമാക്കി.. ഈ പദ്ധതികളിലേക്ക് രജിസ്ട്രഷനും സൗകര്യവും ഒരുക്കിയിരുന്നു. മേളയുടെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം എൽ എ നിർവ്വഹിച്ചു. മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആൻസി ജോസ് അദ്ധ്യക്ഷത വഹിച്ചു.ഒരു കുടുംബം - ഒരു ഡ്രയർ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് നിർവഹിച്ചു. കാർഷിക യന്ത്രവത്കരണ പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.ജോസ് അഗസ്റ്റിൻ നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷില പോൾ പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിത കുമാരി പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം നടത്തി. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് സ്വഗതവും മഞ്ഞള്ളൂർ കൃഷി ഓഫിസർ ആരിഫ ടി.എം നന്ദിയും പറഞ്ഞു. ചടങ്ങിൽ മുതിർന്ന കർഷകനായ പി.എൻ. പൊന്നപ്പൻ പള്ളത്തിനെ ആദരിച്ചു .