പറവൂർ: നഗരത്തിൽ കോൺഗ്രസും ഇടതുപക്ഷവും നടത്തിയ പ്രകടനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനും കൊടിമരം നശിപ്പിക്കലിനുംശേഷം പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ സംഘർഷം. കോൺഗ്രസ് പ്രകടനം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് മുദ്രാവാക്യംവിളി ശക്തമായത്. നേതാക്കളും പൊലീസും ഇടപ്പെട്ട് സംഘർഷം ഒഴിവാക്കി. പ്രകടനത്തിനുശേഷം സംഘർഷം ഉണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപത്തെ ഗേറ്റ്‌വേ ഹോട്ടലിലേക്ക് ഓടിക്കയറി. ഡി.വൈ.എഫ്.ക്കാർ ഹോട്ടലിന് മുന്നിൽ തമ്പടിച്ചു. ഇരുപാർട്ടികളുടെയും നേതാക്കളും പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ഹോട്ടലിന്റെ പിന്നിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്ഷപ്പെട്ടു.

പ്രകടനം നടത്തിയ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ അജ്മലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നാലെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ വച്ച് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അർജുൻ മദൻ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ്, സെക്രട്ടറി രഞ്ജിത്ത്, മണ്ഡലം പ്രസിഡന്റ് മനു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സന്ദീപും എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അജയ്ദേവും ആശുപത്രിയിൽ ചികിത്സ തേടി.

പ്രകടനം കഴിഞ്ഞ് തിരിച്ചുപോയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുനിറുത്തി മർദിക്കുകയും അരുൺ, ആദർശ് എന്നിവരെ ഓടിച്ചിടുകയും ചെയ്തെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്. സന്ദീപിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതാണ് സംഘർഷമുണ്ടാകാൻ കാരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. ബോസ് പറഞ്ഞു. ഏരിയ കമ്മിറ്റി ഓഫീസിനുനേരേ അക്രമം നടത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതായും ബോസ് ആരോപിച്ചു.