കൊച്ചി: എം.ഡി.എം.എ, കൊക്കെയിൻ തുടങ്ങിയ മയക്കുമരുന്നുകൾ അന്താരാഷ്ട്ര പോസ്റ്റൽ സർവീസ് മുഖേന കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനി എക്സൈസ് പിടിയിൽ. മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്.
തിരുവനന്തപുരം ചിറയികീഴ് സ്വദേശി സംഗീത് ഭവനിൽ സൗരവാണ് പിടിയിലായത്. ഇയാളുടെ പേരിൽ അമേരിക്കയിൽ നിന്നുവന്ന 12 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം എക്സൈസ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. തുടർന്ന് പ്രതി സൗരവിനെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റുചെയ്ത് എറണാകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.