kuripp

കൊച്ചി: ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നതോടെ എറണാകുളം നോർത്തിലെ ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ വലയുന്നു. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെ നിരവധിപേർ പലവിധ ആവശ്യങ്ങൾക്ക് ഇ.എസ്.ഐയുടെ കേന്ദ്ര ഓഫീസായ ഇവിടെയെത്തുന്നുണ്ട്.

ദിവസങ്ങളായി പ്രധാന ഡോക്ടർമാർ ആരുമില്ല. പകരം ഫിസിഷ്യനെ കാണാമെന്നു വച്ചാൽ അതും നടക്കില്ല. പ്രതിദിനം 30 രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളുവെന്നാണ് ഡോക്ടറുടെ നിബന്ധന. രാവിലെ എട്ടു മണിക്കാണ് ഇവിടെ ഒ.പി തുടങ്ങുന്നത്. ടോക്കൺ എടുക്കുന്നതിനായി പുലർച്ചെ മുതൽ രോഗികളെത്തും.

ആലപ്പുഴ സ്വദേശിയുടെ

അനുഭവം:

ഗുരുതരമായ രോഗത്തിന് ശസ്ത്രക്രിയ ആവശ്യമുള്ള ആലപ്പുഴ സ്വദേശിയായ രോഗി സ്വകാര്യ ആശുപത്രിയിലേയ്ക്കുള്ള റഫറൻസ് വാങ്ങുന്നതിന് കഴിഞ്ഞ ദിവസം രാവിലെയെത്തി. സർജൻ ഇല്ലെന്നിഞ്ഞപ്പോൾ ഫിസിഷ്യനെ കാണാൻ 45- ാമത്തെ നമ്പർ ടോക്കൺ ലഭിച്ചു. ഒ.പി തുടങ്ങി 33 ടോക്കൺ വിളിച്ചു കഴിഞ്ഞപ്പോഴേക്കും ഫിസിഷ്യന്റെ 30 ടോക്കൺ കഴിഞ്ഞെന്നും രോഗികൾ മടങ്ങിപ്പോകണമെന്നും അറിയിപ്പുണ്ടായി. ഡോക്‌ടറെ കാണാൻ അവസരം നൽകണമെന്ന് കേണപേക്ഷിച്ചിട്ടും ജീവനക്കാർ തട്ടിക്കയറിയെന്ന് രോഗികൾ പറഞ്ഞു. രോഗാവസ്ഥ മോശമായ ഒരു രോഗിയെ ആംബുലൻസ് വിളിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

ആരോഗ്യനില തീരെ മോശമായിട്ടും ഇന്നലെയും ഇവർ വീണ്ടും ആശുപത്രിയിലെത്തി. സർജനും ഫിസിഷ്യനുമില്ലെന്ന അറിയിപ്പു കണ്ട് നിരാശയോടെ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. അവിടെ സർജറിയില്ലാത്തതിനാൽ മെഡിക്കൽ കോളേജിലേക്ക് ശുപാർശ ചെയ്തു . ആകെ ആശയകുഴപ്പത്തിലായ രോഗി വീട്ടിലേക്ക് മടങ്ങി.

 പുതിയ ഡോക്ടർമാർ

ഉടനെത്തും

ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് ഡോക്ടർമാർ കോഴിക്കോട് ഫറൂഖ് ഇ.എസ്.ഐ ആശുപത്രിയിൽ നടക്കുന്ന വകുപ്പുതല ഓഡിറ്റിംഗിൽ പങ്കെടുക്കുകയാണ്. ബദൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഫലപ്രദമായില്ല. ഡോക്ടർമാർ ശനിയാഴ്ച ഡ്യൂട്ടിയിൽ തിരിച്ചെത്തും. നോർത്ത് ഇ.എസ്.ഐയിൽ ആകെ 16 ഡോക്‌ടർമാരാണുള്ളത്. സ്ഥിരം ഫിസിഷ്യനെ നിയമിക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. രോഗികളോട് മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

കെ.ടി. പ്രകാശൻ

സീനിയർ സൂപ്രണ്ട്

റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ്

ഇ.എസ്.ഐ