കോലഞ്ചേരി: 'ഓപ്പറേഷൻ സുതാര്യം" പെരുമ്പാവൂർ ജോയിന്റ് ആർ.ടി ഓഫീസിനു കീഴിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 116 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. വാഹനങ്ങളുടെ മുന്നിലെ സേഫ്റ്റി ഗ്ളാസുകളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണം. കൂളിംഗ്, ടിൻഡഡ്, ബ്ളാക്ക് ഫിലിമുകൾ ഗ്ളാസുകളിൽ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് നിരവധിപേർ ഫിലിം ഒട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വാഹനങ്ങൾക്കുള്ള പിഴ ഇ-ചെലാൻ വഴി കണക്കാക്കുകയാണ് ചെയ്യുന്നത്. പിഴ ഈടാക്കിയ ഉടമകളുടെ വിവരം എസ്.എം.എസ് ആയി ലഭിക്കും. ഇവർക്ക് ഓൺലൈനായി പിഴയൊടുക്കാൻ അവസരമുണ്ട്. കുറ്റം ആവർത്തിച്ചാൽ ഇരട്ടിത്തുക പിഴ ഈടാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.