medi
കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ അടിയന്തര ചികിത്സാ വിഭാഗം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്ദർശനം നടത്തിയപ്പോൾ

 കേന്ദ്രസംഘം സന്ദർശിച്ചു

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ അടിയന്തര ചികിത്സാവിഭാഗം ഒരുങ്ങുന്നു. 23.75 കോടിരൂപ മുടക്കിൽ നാലുനിലകളിലായി 40,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
നാല് അടിയന്തര ട്രോമാ ഓപ്പറേഷൻ തിയേറ്ററുകൾ, നാല് മൈനർ ഓപ്പറേഷൻ തിയേറ്ററുകൾ, ഇരുപത് ഐ.സി.യു കിടക്കകൾ, 50 ഹൈ ഡിപെൻഡൻസി കിടക്കകൾ എന്നീ സൗകര്യങ്ങളാകും ഇവിടെയുണ്ടാവുക. നിർമ്മാണം പൂർത്തിയാകുന്നതോടെ ഫാർമസി, കാഷ്വാലിറ്റി തുടങ്ങിയവ പൂർണമായും കെട്ടിടത്തിലേക്ക് മാറ്റും.
ജോൺ ഹോപ്കിൻസ് പ്രോഗ്രാം ഫോർ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഇൻ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് (ജെ.എച്ച്.പി. ഐ.ഇ.ജി.ഒ ന്യൂഡൽഹി), വാപ്‌കോസ് (എറണാകുളം), ദേശീയ ആരോഗ്യദൗത്യം, എൻ.എച്ച്.എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

പദ്ധതിക്കായി മെഡിക്കൽ കോളേജ് കണ്ടെത്തിയ സ്ഥലം അനുയോജ്യമാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച പ്ലാൻ അംഗീകരിക്കുന്നതായും ജെ.എച്ച്.പി.ഐ.ഇ.ജി.ഒ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ. രാകേഷ് വർമ്മ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.