
തൃക്കാക്കര: തുതിയൂരിലെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് റവന്യൂ വകുപ്പിനോട് റിപ്പോർട്ട് തേടി. തുതിയൂർ ആനമുക്കിന് സമീപത്തെ കുന്നുകൾ മണ്ണുമാഫിയ തുരന്നെടുത്തത്തോടെ ഞങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളായ കാർത്തു,രുക്മിണി എന്നിവർ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
മണ്ണെടുപ്പ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വാഴക്കാല വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഒരേക്കർ ഭൂമിയിൽ 20 അടിയോളം താഴ്ചയിൽ മണ്ണെടുത്തിട്ടുണ്ടെന്ന് സമീപവാസിയായ മോളത്തുപറമ്പിൽ വീട്ടിൽ കാർത്തു പറഞ്ഞു. വീട് വയ്ക്കുന്നതിനായി മണ്ണെടുപ്പിന് അനുമതി വാങ്ങിയാണ് ഭൂമാഫിയയുടെ വിളയാട്ടം. പ്രതിഷേധമായി രംഗത്തെത്തുന്നവരോട് മണ്ണെടുക്കാൻ പാസുണ്ടെന്ന് പറഞ്ഞതോടെയാണ് പ്രദേശത്തെ കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയത്.
നിയന്ത്രണമില്ലാതെയുള്ള മണ്ണെടുപ്പ് മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പുരയിടത്തിന്റെ അതിർത്തിയോട് ചേർന്ന് മണ്ണെടുത്തതിനാൽ ശക്തമായ മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്. പ്രതിഷേധം ശക്തമായതോടെ പൊലീസ് എത്തിയപ്പോൾ തത്കാലികമായി മണ്ണെടുക്കുന്നത് നിർത്തിവച്ചു. എന്നാൽ അവർ പോയതിനു ശേഷം വീണ്ടും മണ്ണെടുക്കൽ തുടങ്ങിയെന്നും അയൽവീട്ടുകാർ ആരോപിച്ചു.