പെരുമ്പാവൂർ: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തായി മാറാൻ ഒരുങ്ങുകയാണ് കൂവപ്പടി. കെ.എസ്.ഇ.ബിയിൽ നിന്നുള്ള പഞ്ചായത്തിന്റെ നിലവിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുക, പൊതുജനങ്ങൾക്കിടയിൽ സൗരോർജ്ജ പദ്ധതിക്ക് പ്രചാരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ 4.95 ലക്ഷം രൂപയാണ് സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതിന് വകയിരുത്തിയത്.

എട്ട് കിലോ വാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള സൗരോർജ്ജ പ്ലാന്റാണ് പഞ്ചായത്തിൽ സ്ഥാപിക്കുന്നത്. ഓൺ ഗ്രിഡ് സംവിധാന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പാനലുകൾ വഴി ഉത്പാദിപ്പിക്കുന്ന സൗരവൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി, തത്തുല്യമായ അളവ് വൈദ്യുതി ഗ്രിഡിൽനിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ് പദ്ധതി. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ആനുപാതികമായ തുക ബില്ലിൽ കുറവ് ചെയ്യും. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ അനർട്ട് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി പ്രകാരം പ്രതിദിനം 30 മുതൽ 32 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്തധികൃതർ പറയുന്നു. നിലവിൽ പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന പണികൾ പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം തന്നെ നടപടികൾ പൂർത്തിയാക്കി വൈദ്യുതി ഉത്പാദനം തുടങ്ങും. ഭാവിയിൽ പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തായി മാറാനാണ് ശ്രമം എന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു , വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ എന്നിവർ പറഞ്ഞു.