മൂവാറ്റുപുഴ: ലോക വയോജന ചൂഷണ വിരുദ്ധ ദിനം മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിൽ വിപുലമായി ആചരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധമന്ദിരം സന്ദർശിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും അന്തേവാസികളോടൊപ്പം പാട്ടുകൾ പാടുകയും അവർക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറവും വിവിധ സ്കൂളുകളിലെ അദ്ധ്യാപകരും വൃദ്ധസദനത്തിന് ആവശ്യമായ വസ്തുക്കൾ വിതരണം ചെയ്തു. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞ എടുത്തു.
എ.ഇ.ഒ ജീജ വിജയൻ, സീനിയർ സൂപ്രണ്ട് ഉല്ലാസ് ചാരുത, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ മുഹമ്മദ്, അദ്ധ്യാപകരായ പ്രീജിത്ത്, ജോഹർ പരീത്, വിനോദ്, അലക്സ്, വൃദ്ധ സദനം ഡയറക്ടർ ബിനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.