വൈപ്പിൻ: നിയോജക മണ്ഡലംതല വയോജന ചൂഷണ ബോധവത്കരണദിനാചരണം മുതിർന്ന തലമുറയുടെ സ്‌നേഹസംഗമമായി. പാട്ടുപാടിയും കവിത ചൊല്ലിയും കയ്യടിച്ചും സൗഹൃദംപങ്കിട്ടും മനംനിറയെ ചിരിച്ചും യോഗക്രിയകൾ ചെയ്തും സമൂഹ സദ്യയുണ്ടും വയോജനങ്ങൾ ചെറുപ്പത്തിന്റെ പ്രസരിപ്പിലേക്ക് തിരികെപോയി.
സാമൂഹ്യ സുരക്ഷാ മിഷന്റെയും കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെയും പങ്കാളിത്തത്തോടെ നടന്ന സംഗമം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എടവനക്കാട് കെ.പി.എം.എച്ച്.എസ്, എച്ച്.ഐ. എച്ച്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വയോജനങ്ങൾക്ക് വന്ദനം അർപ്പിച്ചു. അതുൽ മോഹന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ദിനാചരണത്തിൽ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോളേജ് മുൻ ഡീൻ ഡോ. കെ. എസ്.പുരുഷൻ, കുഴുപ്പിള്ളി ബാങ്ക് പ്രസിഡന്റ് എം.സി.സുനിൽകുമാർ, സാമൂഹ്യ സുരക്ഷാ മിഷൻ കോ- ഓർഡിനേറ്റർ ആർ.ദിവ്യ, സർവ്വ ശിക്ഷാ കേരള ഡി.പി.ഒ മഞ്ജു, യോഗ പരിശീലക അശ്വതി പി.നായർ, കള്ളുചെത്ത് വ്യവസായ തൊഴിലാളി പെൻഷനേഴ്‌സ് യൂണിയൻ മേഖലാ സെക്രട്ടറി ബി.വി. പുഷ്‌കരൻ, കെ.എസ്.എസ്.പി.യു ഏരിയാ സെക്രട്ടറി അമ്മിണി, സഹോദരൻ അയ്യപ്പൻ സ്മാരകം സെക്രട്ടറി ഒ. കെ. കൃഷ്ണകുമാർ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി.സാബു, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഇ.എൻ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി.ഷൈനി, വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ എന്നിവർ പങ്കെടുത്തു.