ആലുവ: അമിതവേഗതയെത്തുടർന്ന് നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിൽനിന്ന മരത്തിലിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന കാർ മരംമറിഞ്ഞ് ഭാഗികമായി തകർന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ എറണാകുളം റോഡിൽ പുളിഞ്ചോട് കവലയ്ക്ക് സമീപമാണ് അപകടം. ആലുവയിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പോയ അക്ഷയ് - അലീന ബസാണ് അപകടമുണ്ടാക്കിയത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ബസ് യാത്രക്കാരായ ചെല്ലാനം പടിഞ്ഞാറെ കുന്നത്ത് ചിന്ന (55), മാവേലിക്കര ഗുരുഭവനിൽ അമൃത (19), തൃപ്പൂണിത്തുറ പുതിയകാവ് തീർത്ഥത്തിൽ മനോജ്കുമാർ (51), വൈപ്പിൻ പഷ്ണിപ്പറമ്പിൽ സ്‌നിഗൽ (18), ഏഴിക്കര പുതുശേരി വീട്ടിൽ കോളിൻ (34), കോഴിക്കോട് വിഷ്ണുമാതയിൽ വൈശാലി (27)എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിച്ചു. ഒരാളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനവും അപകടസ്ഥലവും പരിശോധിച്ചു. വാഹനത്തിന് യന്ത്രത്തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആലുവ ട്രാഫിക് പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.