മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ചിരുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്ക്ക് ഇക്കുറി ആ നേട്ടം നിലനിറുത്താനായില്ല. എസ്.എസ്.എൽ.സി പരീക്ഷയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല 99.81 ശതമാനം വിജയമാണ് നേടിയത്. 3,690 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3,683 വിദ്യാർത്ഥികളാണ് വിജയിച്ചത്. 510 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വീട്ടൂർ എബനൈസർ സ്‌കൂളിലാണ്. 352 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് രണ്ടാർകര എച്ച്.എം ഹൈസ്‌കൂളിലാണ്, ഒരാൾ.
സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് പേഴയ്ക്കാപ്പിള്ളി ഗവ.ഹൈസ്‌കൂളിലാണ്. ഇവിടെ 75 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വിദ്യാഭ്യാസ ജില്ലയിൽ സർക്കാർ സ്‌കൂളുകളിൽ 19 ഫുൾ എപ്ലസും എയ്ഡഡ് സ്‌കൂളുകളിൽ 374 ഫുൾ എപ്ലസും അൺഎയ്ഡഡ് സ്‌കൂളുകളിൽ 117 ഫുൾ എപ്ലസും അടക്കം 510 ഫുൾ എപ്ലസുകൾ നേടി. ഇക്കുറി സർക്കാർ സ്‌കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. വിദ്യാഭ്യാസ ജില്ലയിലെ 54 സ്‌കൂളുകളിൽ 48 സ്‌കൂളുകൾക്ക് 100ശതമാനം വിജയം കൈവരിക്കാനായി. പ്രധാന അദ്ധ്യാപകരുടെയും അദ്ധ്യാപകരുടെയും സ്‌കൂൾ പി.ടി.എ കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ വിജയത്തിന് പിന്നിലെന്ന് ഡി.ഇ.ഒ ആർ.വിജയ പറഞ്ഞു.