
കൊച്ചി: മരടിൽ സുപ്രീംകോടതി ഉത്തരവു പ്രകാരം ഇടിച്ചു നിരത്തിയ അനധികൃത ഫ്ളാറ്റുകളുടെ നിർമ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ അന്വേഷണം നടത്തുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കമ്മിഷൻ അടുത്തയാഴ്ച വാദം പൂർത്തിയാക്കും. കേരള തീരദേശ പരിപാലന അതോറിട്ടിയുടെ വാദം ശനിയാഴ്ചയും ഇപ്പോൾ സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ വാദം തിങ്കളാഴ്ചയും കേൾക്കും. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ മരട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കമ്മിഷൻ വാദം കേട്ടിരുന്നു. ജെയിൻ ഹൗസിംഗിന്റെ വാദം കേൾക്കലാണു പൂർത്തിയാകാനുള്ളത്. ജൂലായ് ആദ്യവാരത്തോടെ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണു കരുതുന്നത്.