കൊച്ചി: കേരള സ്റ്റാർട്ടപ്പ് നെറ്റ്‌വർക്ക് (കെ.എസ്.എൻ) ഗ്ലോബൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പങ്കാളിത്തത്തോടെ സ്റ്റാർട്ട്അപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ആശയരൂപീകരണം, നിക്ഷേപം, വളർച്ച എന്നിവ ചർച്ച ചെയ്ത സംഗമത്തിൽ സംരംഭകർക്ക് വിദഗ്ദ്ധരുമായി സംവദിക്കാനും അവസരവുമുണ്ടായിരുന്നു.

വ്യവസായ മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനിടെ 17,000 ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തിലധികം എം.എസ്.എം.ഇകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ എം.ബി.എ ബിരുദധാരികൾ ഉൾപ്പെടെ ആയിരത്തിലധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.എൻ ഗ്ലോബൽ സൊസൈറ്റിയുടെ വെബ്‌സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഫെഡറൽ ബാങ്ക് ചെയർമാൻ സി. ബാലഗോപാൽ എന്നിവർ വിശിഷ്ടാതിഥികളായി.

ശരത് വി. രാജ്, അഫ്‌സൽ അബു, ഡെബ്ലീന മജുംദാർ, കെ.പി. രവീന്ദ്രൻ, വരുൺ അഘനൂർ, മധു വാസന്തി, എസ്.ആർ നായർ തുടങ്ങിയവർ സംസാരിച്ചു.

അനിൽ ബാലൻ പ്രസിഡന്റായും ബിനു മാത്യു ട്രഷററായും ജയൻ ജോസഫ് സെക്രട്ടറിയായും സുനിൽ ഹരിദാസ് കൺവീനറുമായ സമിതിയാണ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത്.