കൊച്ചി: കരിങ്കൊടി കാണിക്കൽപോലുള്ള പ്രതിഷേധങ്ങളെ അതികഠിനമായി വിലക്കിയും മുന്നറിയിപ്പുകൾ നൽകാതെയും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കുന്ന നടപടികൾക്ക് ന്യായീകരണമില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. മാമ്മോദീസ കഴിഞ്ഞ് മടങ്ങിയ കുഞ്ഞിനെയും കുടുംബത്തെയും മണിക്കൂറുകൾ വഴിയിൽ ബന്ദിയാക്കിയ പീഡനപരമ്പരകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് എഡിറ്റോറിയലിൽ പറയുന്നു.
കറുപ്പ് നിറം മാത്രമല്ലെന്ന് വെളിപ്പെട്ട അസാധാരണ സംഭവങ്ങളുണ്ടായി. മാസ്‌കിനെ കരിങ്കൊടിയുടെ ചെറുപതിപ്പായിക്കണ്ട് അഴിപ്പിച്ചും കറുത്തവസ്ത്രം വിലക്കിയും ധാർഷ്ട്യത്തിന്റെ അധികാര വഴികളിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗത്തിൽ പാഞ്ഞത്.
മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനപ്പെട്ടതാണ്. ആരെയും ഭയമില്ലെന്ന് ആവർത്തിക്കുന്ന വ്യക്തിതന്നെ എല്ലാവരെയും ഭയപ്പെടുത്തി പായുന്നതിന്റെ യുക്തി മനസിലാകുന്നില്ല. കറുത്ത മാസ്‌കുതന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന ചോദ്യം പാർട്ടിയിലെ ഉന്നതൻ ഉയർത്തുമ്പോൾ കമ്മ്യൂണിസ്റ്റ് പാരമ്പര്യം അദ്ദേഹം മറന്നുപോയതാണോ, പറയുന്നത് മാറിപ്പോകുന്നതാണോയെന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കുമുണ്ട്.
വ്യക്തിപൂജയ്ക്ക് വിലക്കുള്ള പാർട്ടിയിൽ വിശേഷവിധിയായി വരുന്ന ഇത്തരം എഴുന്നള്ളത്തുകൾ അനുചിതമെന്ന് പൊതുജനം പറയുന്നത് പാർട്ടിയിൽ ഇപ്പോഴും പ്രതീക്ഷയുള്ളത് കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തിയാൽ പാർട്ടിക്കും കേരളത്തിനും നന്നെന്ന് എഡിറ്റോറിയൽ പറയുന്നു.