assisi

മൂവാറ്റുപുഴ: തുടർച്ചയായ 25-ാം വർഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ദി ഡഫിന് നൂറുമേനി വിജയം. സ്പെഷ്യൽ സ്‌കൂൾ വിഭാഗത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ അസീസി സ്‌കൂളിലെ ആറ് കുട്ടികളും ജയിച്ചു. അമല ഷിബു, ആഷ്‌ന യൂസഫ്, എം.എസ്.മീര, എയ്ഡൻ വിനോദ്, കെ.എസ്.ബാദുഷ, വിൻസ് മാത്യു എന്നിവരാണ് മികച്ച വിജയം നേടി സ്‌കൂളിന്റെ അഭിമാനമായി മാറിയത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചാണ് വിദ്യാർത്ഥികൾ തിളക്കമുള്ള നേട്ടം സ്വന്തമാക്കിയത്. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് നൽകിയതും പരീക്ഷയ്ക്ക് മൂന്ന് മാസം മുൻപ് എല്ലാവരെയും സ്‌കൂൾ ഹോസ്റ്റലിൽ താമസിപ്പിച്ച് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയതുമാണ് നൂറുമേനി വിജയം സമ്മാനിച്ചതെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ് പറഞ്ഞു. 1998-മുതൽ സ്പെഷ്യൽ സ്‌കൂൾ വിഭാഗത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ അസീസി നൂറ് ശതമാനം വിജയം നേടുന്നതായും സിസ്റ്റർ ജീവ ഫ്രാൻസിസ് പറഞ്ഞു.