കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ട്വന്റി20 ഉറപ്പിച്ചു. ഇന്ന് രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ബാബുവാണ് വരണാധികാരി.
നിലവിലെ 12 അംഗങ്ങളിൽ ട്വന്റി20- 5, യു.ഡി.എഫ്- 4, എൽ.ഡി.എഫ്- 3 എന്നിങ്ങനെയാണ് കക്ഷിനില. ഇടതും വലതും മുന്നണികൾ സമവായത്തിൽ എത്താത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനം ട്വന്റി20 ഉറപ്പിക്കുന്നത്. ഇവിടെ പ്രസിഡന്റായിരുന്ന യു.ഡി.എഫിലെ വി.ആർ. അശോകന്റെ നിര്യാണത്തെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലവിൽ യു.ഡി.എഫിനാണ് വടവുകോട് ബ്‌ളോക്ക് പഞ്ചായത്ത് ഭരണം. വി.ആർ. അശോകനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോൾ ട്വന്റി20 വോട്ടിംഗിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫ് യു.ഡി.എഫിന് പിന്തുണ നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം, മറ്റ് സ്ഥാനങ്ങൾ നിലനിർത്താൻ ട്വന്റി20 ക്ക് കഴിയില്ല. കേവല ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ അവിശ്വാസത്തിലൂടെ വൈസ് പ്രസിഡന്റിനെ അടക്കം മറ്റുള്ളവരെ പുറത്താക്കാൻ കഴിയൂ. അതായത് ഏഴുപേരുടെ പിന്തുണ ഉണ്ടെങ്കിലേ വടവുകോട്ടിൽ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ പോലും കഴിയൂ. ഇതോടെ പ്രസിഡന്റ് സ്ഥാനമൊഴിച്ച് മറ്റൊന്നും ട്വന്റി20ക്ക് ലഭിക്കില്ല. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയടക്കം മറ്റു മുന്നണികൾ നിലനിർത്തുമ്പോൾ ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയേറുകയാണ്. അശോകന്റെ നിര്യാണത്തെ തുടർന്നുള്ള ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ആറു മാസത്തെ കാലാവധിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽ രണ്ടാം സ്ഥാനത്ത് ട്വന്റി20 ആയിരുന്നു. യു.ഡി.എഫ് കോട്ടയായ വാർഡിൽ ട്വന്റി20 അട്ടിമറി ജയം നേടിയാൽ പോലും ബ്ളോക്ക് ഭരണ തലത്തിൽ മാറ്റങ്ങളൊന്നും സംഭവിക്കില്ല.