തൃശൂർ: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള ചികിത്സ മിതമായ നിരക്കിൽ ലഭ്യമാക്കാനുമായി ആസ്റ്റർ മെഡ്‌സിറ്റി പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഫാദർ ഡേവിസ് ചിറമ്മേലുമായി സഹകരിക്കുന്നു.

ആസ്റ്റർ ഹോസ്പിറ്റലുകളിൽ 200ൽ അധികം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനോടകം വിജകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അർബുദരോഗ ചികിത്സയിൽ ഏറെ വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാരുടെ സംഘമാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ആസ്റ്റർ കെയർ ടുഗെതർ എന്ന പേരിൽ പദ്ധതി സംസ്ഥാനത്താകമാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള അർബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി. പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫാ. ഡേവിസ് ചിറമ്മേൽ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായി ആസ്റ്റർ മെഡ് സിറ്റിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.ജെം കളത്തിൽ, ഫർഹാൻ, എലിസ്വാ വിനു, വിനീത.എൻ എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.