കൊച്ചി: മുല്ലശേരി കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചോയെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാർ പുരോഗതി അറിയിക്കാൻ നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഹർജിയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയോടും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.

മുല്ലശേരി കനാലിലൂടെ കടന്നു പോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ നീക്കാത്തതാണ് നവീകരണ പ്രവർത്തനം നിലയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുല്ലശേരി കനാൽ നവീകരണം ഏറെക്കുറേ നിലച്ചെന്നാണ് കോടതിക്കു ലഭിച്ച വിവരമെന്നും സിംഗിൾബെഞ്ച് ഹർജികൾ പരിഗണിക്കവെ പറഞ്ഞു. കനാൽ നവീകരണം ഫലപ്രദമായി നടത്തിയില്ലെങ്കിൽ മഴ കനക്കുന്നതോടെ നഗരം വീണ്ടും വെള്ളത്തിലാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

കനാലിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകൾ രണ്ടാഴ്‌ചയ്‌ക്കകം മാറ്റണമെന്ന് മേയ് അവസാനം ഹൈക്കോടതി വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി പണം നൽകിയിട്ടുണ്ടെന്ന് നഗരസഭയും അറിയിച്ചിരുന്നു. അതേസമയം മുല്ലശേരി കനാലിലെ പൈപ്പ് ലൈനുകൾ നീക്കാനുള്ള ജോലികൾ ടെണ്ടർ നൽകിയെന്നും ഈ ജോലികളുടെ പുരോഗതി അറിയിക്കാമെന്നും വാട്ടർ അതോറിട്ടിയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹർജികൾ അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.

 തലവേദനയായി പഴയ പൈപ്പുകൾ

പഴക്കംചെന്ന സീവേജ് പൈപ്പുകളും ജലവിതരണ പൈപ്പുകളുമാണ് പ്രവൃത്തികൾക്ക് തടസമായത്. നവീകരണപ്രവർത്തനങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞവർഷം കാനയിൽ നടത്തിയ സ്‌കാനിംഗിൽ പഴയ പൈപ്പുകൾ ദ്യശ്യമായിരുന്നില്ല. പ്രവൃത്തികൾ പുരോഗമിച്ചപ്പോഴാണ് കാനയുടെ അടിയിലൂടെ കടന്നുപോകുന്ന സ്റ്റീൽ പൈപ്പുകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. 1965 കളിൽ ഇട്ട ഈ പൈപ്പുകളിലൂടെയാണ് എം.ജി റോഡിലെ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ എളംകുളത്തെ മലിനജല സംസ്കരണ പ്ലാന്റിലേക്കെത്തുന്നത്.

പണികൾക്കിടെ പൈപ്പിനെങ്ങാനും പൊട്ടൽ സംഭവിച്ചാൽ നഗരത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാകും. ദുരന്തം ഒഴിവാക്കുന്നതിനായി ഇത്രയും ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സീവേജ് ലൈനും ജലവിതരണ പൈപ്പുകളും പുന:സ്ഥാപിച്ചശേഷം ജോലികൾ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കോർപ്പറേഷൻ വാട്ടർ അതോറിട്ടിക്ക് നാലു കോടി രൂപ കൈമാറിയിട്ടുണ്ട്.