binitha

കോലഞ്ചേരി:കാൻസർ നൽകിയ വേദനയെയും ദുരിതത്തെയും മറികടന്ന് പരീക്ഷയിൽ മികച്ച വിജയവുമായി കൊച്ചുമിടുക്കി. വടവുകോട് വാർഡിൽ ചോയിക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളും രാജർഷി മെമ്മോറിയൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയുമായ ബിനിതയാണ് രോഗം തീർത്ത വെല്ലുവിളികളെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമുള്ള ജയം നേടിയെടുത്തത്. അഞ്ച് എ പ്ലസും മൂന്ന് എ ഗ്രേഡും ബിനിത സ്വന്തമാക്കി. പരീക്ഷയ്ക്ക് തയയാറെടുക്കവെയാണ് ശാരീരിക അസ്വസ്ഥതകൾ മൂലം ബിനിത ആദ്യം പഴങ്ങനാട് സമരി​റ്റൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർമാരുടെ നിർദേശപ്രകാരം കളമശേരി മെഡിക്കൽ കോളേജിലും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതിനിടയിൽ പരീക്ഷ തുടങ്ങിയിരുന്നു. ബിനിതയുടെ പരീക്ഷ എഴുത്ത് മുടങ്ങാതിരിക്കാൻ എല്ലാ പിന്തുണയും അദ്ധ്യാപകർ നൽകി. അവസാന പരീക്ഷ കഴിഞ്ഞ അടുത്ത ദിവസം മുതൽ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കീമോതെറാപ്പിക്ക് വിധേയയാവുകയാണ്. ചോർന്നൊലിക്കുന്ന ശോചനീയമായ അവസ്ഥയിലുള്ള വീടാണ് ബിനിതയുടേത്. ചികിത്സയുടെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. കുട്ടിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ കഴിയാതെ പകച്ചുനിന്ന കുടുംബത്തിന് സഹായവുമായി നാട്ടുകാരും സഹപാഠികളും രംഗത്തുവന്നിരുന്നു. സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചേർന്ന് സഹായനിധി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ബെന്നി ബഹനാൻ എം.പി, അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബിൾ ജോർജ് എന്നിവർ രക്ഷാധികാരികളായും പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായുമാണ് സമിതി. സഹായത്തിനായി വടവുകോട് എസ്.ബി.ഐ ശാഖയിൽ ബിനിതയുടെ പേരിൽ 38206744694 എന്ന നമ്പരിൽ (ഐ.എഫ്.എസ്‌.സി. കോഡ് SBIN 0070316) അക്കൗണ്ട് തുറന്നിട്ടുണ്ട്. 8078034314 എന്ന നമ്പരിൽ ഗൂഗിൾ പേയും ചെയ്യാം.