mo-john

ആലുവ: ആലുവ നഗരത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതായി ആക്ഷേപം. പമ്പ് കവല, സീനത്ത്, ഊമംകുഴിത്തടം, കാസിനോ, മാർവർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഡെങ്കിപ്പനി പടരുകയാണ്. നഗരസഭാ അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാതെ ബോധവത്കരണ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നാണ് ആക്ഷേപം.

ആലുവ നഗരസഭയുടെയും കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ തോട്ടുമുഖം മേഖലയിലും ഡെങ്കിപ്പനി പടർന്നുപിടിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ ആലുവ നഗരത്തിൽ നിന്ന് മാത്രം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക വിവരം.

രണ്ടാഴ്ച്ചക്കിടെ 26 ഡെങ്കികേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക വിവരം.

ജനങ്ങൾ ആശങ്കപ്പെടുമെന്നതിനാൽ ശരിയായ കണക്കുകൾ പുറത്തുവിടാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭയിൽ ആകെയുള്ളത് ഒരു ഫോഗിംഗ് യന്ത്രം മാത്രമാണ്. കോയമ്പത്തൂരിൽ നിന്നും അടുത്തിടെ വാങ്ങിയതാമെങ്കിലും നിലവാരമില്ലാത്തതിനാൽ തനിയെ പ്രവർത്തനം നിലക്കുന്ന പ്രശ്നം നേരിടുന്നുണ്ട്. വാടകക്ക് വാങ്ങിയാണെങ്കിലും ഫോഗിംഗ് ഊർജ്ജിതമാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്വന്തം വാർഡുകളിൽ ആദ്യം ഫോഗിംഗ് നടത്താനായി കൗൺസിലർമാർ തമ്മിൽ മത്സരമാണ്.


ഡെങ്കിപ്പനി അവലോകനയോഗം

ആലുവ: നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആലുവ ജില്ലാ ആശുപത്രിയിൽ അവലോകനയോഗം ചേർന്നു. പ്രതിരോധപ്രവർത്തനങ്ങൾക്കായി വാർഡ്തല ആരോഗ്യ ശുചിത്വ പോഷക സമിതി യോഗങ്ങൾ രണ്ട് ദിവസങ്ങൾക്കുള്ളിൽ മുഴുവൻ വാർഡുകളിലും പൂർത്തീകരിക്കും. വാർഡുകളിൽ ആരോഗ്യസേന രൂപീകരിക്കും. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഭാഗങ്ങളിൽ നിലവിൽ ചെയ്യുന്ന പോലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തും.

വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, റെസിഡൻറ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സംഘം പനി ബാധിത പ്രദേശങ്ങളിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വരുന്ന ചൊവ്വാഴ്ച്ച രാത്രി ഏഴിന് ഡെങ്കിപ്പനിയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കും. അവലോകന യോഗത്തിൽ
മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.