പറവൂർ: ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട് റോഡിലെ കുണ്ടേക്കാവ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ അടുത്തയാഴ്ച യോഗം വിളിക്കാൻ നിർദേശം നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാലം നിർമ്മാണം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽവന്നതും സാങ്കേതിക തടസങ്ങളും കൊവിഡും മൂലം നിർമ്മാണം തടസപ്പെട്ടു. പിന്നീട് നിർമ്മാണ സാമഗ്രികൾക്ക് വിലവർദ്ധിച്ചതിനെ തുടർന്ന് കരാറുകാരൻ പണി ഏറ്റെടുക്കാൻ തയാറായില്ല. കരാറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയോ അതല്ലെങ്കിൽ കരാറുകാരനെ ഒഴിവാക്കി പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.