water-pumbing-station-par
ക്ലോറിൻ സിലിണ്ടറിന്റെ ചോർച്ച അടക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ

പറവൂർ: വാട്ടർഅതോറിറ്റിയുടെ പറവൂരിലെ പമ്പ്ഹൗസിൽ കുടിവെള്ള ശുദ്ധീകരണത്തിനായി സൂക്ഷിച്ചിരുന്ന ക്ലോറിൻ സിലിണ്ടർ ചോർന്നു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽനിന്നാണ് സിലിണ്ടർ എത്തിക്കുന്നത്. സിലിണ്ടറിന്റെ അടിഭാഗത്തിന് തൊട്ടുമുകളിലാണ് ചോർച്ചകണ്ടത്. ഈഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായ ഓപ്പറേറ്ററും ജീവനക്കാരും ക്ലോറിൻ ചോർന്നതിനെത്തുടർന്ന് മുറിയിൽനിന്ന് പുറത്തിറങ്ങി. ഫയർഫോഴ്സ് എത്തിയാണ് ചോർച്ച പരിഹരിച്ചത്. ടി.സി.സിയിൽനിന്ന് ഉദ്യോഗസ്ഥരെത്തി ചോർച്ചയുണ്ടായ സിലിണ്ടർ തിരികെക്കൊണ്ടുപോയി. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫയർ ആൻറഡ് റെസ്ക്യൂ സീനിയർ ഓഫീസർ എം.സി. ബേബിയെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.