ആലുവ: സുഹൃത്ത് ബൈക്കപകടത്തിൽപ്പെട്ടതറിഞ്ഞ് സ്‌കൂട്ടറിൽവന്ന യുവാക്കൾ അപകടത്തിൽപ്പെട്ടു. യു.സി കോളജിന് സമീപം ബൈക്ക് മറിഞ്ഞ് തായിക്കാട്ടുകര അങ്കത്തികൂടി വീട്ടിൽ സുധീറിന്റെ മകൻ മുഹമ്മദ് സജിത്തിനാണ് (22) പരിക്കേറ്റത്. ഇതറിഞ്ഞ് ആശുപത്രിയിലേക്ക് വരുന്നവഴി സുഹൃത്തുക്കൾക്കും സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റു. യു.സി കോളേജിന് അടുത്തുതന്നെയാണ് ഇവരുടെയും സ്‌കൂട്ടർ മറിഞ്ഞത്. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന തൃപ്രയാർ ഇളയത്തുവീട്ടിൽ ഗിരീഷിന്റെ മകൻ പവൻ (20), കണ്ണമാലി ശിവക്ഷേത്രം പറമ്പിൽ അനിൽകുമാറിന്റെ മകൻ ആദിത്യൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരും മനയ്ക്കപ്പടി മാതാ കോളേജ് വിദ്യാർത്ഥികളാണ്.
കരുമാലൂരിൽ നടന്ന മറ്റൊരു അപകടത്തിൽ മാളികംപീടിക ചാമപറമ്പിൽ മുഹമ്മദ് ശരീഫിന്റെ മകൻ മുഹമ്മദ് നബീലിനും (24) പരിക്കേറ്റു. മുഹമ്മദ് നബീൽ സഞ്ചരിച്ച ബൈക്കിനുകുറുകെ നായ വട്ടംചാടിയതിനെത്തുടർന്ന് ബൈക്ക് മറിയുകയായിരുന്നു. ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് തുരുത്ത് കോടമാലിൽ ഷാഫി (53), ചൂണ്ടിയിൽ സ്‌കൂട്ടറിൽനിന്ന് വീണ് ചെങ്ങമനാട് എളമനയിൽ ബഷീർ (60), മാർക്കറ്റിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ആലുവ ശ്രീപാദത്തിൽ മുരളി കൃഷ്ണ (23), കരുമാല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പുത്തൻവേലിക്കര പടവിൽ അഭിജിത്ത് (24) എന്നിവർക്കും പരിക്കേറ്റു. ഇവരെ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.