 
മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യംചെയ്ത വിദ്യാർത്ഥിനിക്ക് മണ്ണ് മാഫിയാ സംഘത്തിന്റ ക്രൂരമർദ്ദനം. മാറാടി പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട കക്കൂച്ചിറ ഭാഗത്താണ് സംഭവം. കാക്കച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റ മകൾ അക്ഷയയ്ക്കാണ് (20) മർദ്ദനമേറ്റത്.
നേരത്തെ ഇവിടെ അനധികൃത മണ്ണെടുപ്പ് നടന്നതിനെത്തുടർന്ന് സമീപവാസികളുടെ പരാതിയിൽ പൊലീസ് ഇടപെട്ട് മണ്ണെടുപ്പ് നിർത്തിവയ്പ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ച സമീപവാസികൾ ഇല്ലാത്ത സമയംനോക്കി എത്തിയ സംഘം മണ്ണെടുക്കുന്നത് പെൺകുട്ടി മൊബൈലിൽ പകർത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തന്റെ വീടിനും മണ്ണെടുപ്പ് ഭീഷണിയാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് മൂന്നാംവർഷ ഡിഗ്രീ വിദ്യാർത്ഥിനിയായ അക്ഷയ ഇത് ചോദ്യംചെയ്തതും മണ്ണെടുപ്പ് ചിത്രീകരിച്ചതും. വധഭീഷണി മുഴക്കി അസഭ്യവർഷം നടത്തിയവർ വിദ്യാർത്ഥിനിയുടെ മൊബൈൽപിടിച്ചുവാങ്ങി തറയിൽ എറിയുകയും അക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.