
കൊച്ചി: ആർക്കും എന്തും ചെയ്യാമെന്ന നിലയിൽ പ്രശസ്തമായ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമി. കൈയേറ്റങ്ങൾക്കും അനധികൃത പാർക്കിംഗിനുമെതിരെ കൊച്ചിൻ ദേവസ്വം ബോർഡും പൊലീസും നടപടിയെടുക്കുന്നില്ല. ഒരു വർഷത്തിനിടെ രണ്ട് വട്ടം അഴകിയകാവ് ദേവസ്വം ഓഫീസർ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് ചെറുവിരലനക്കിയിട്ടില്ല.
2019 ഡിസംബറിൽ അഴകിയകാവ് ക്ഷേത്രഭൂമിയുടെ വടക്കേവെളി റവന്യൂഭൂമിയൊണെന്ന് കാട്ടി ഫോർട്ടുകൊച്ചി ആർ.ഡി.ഒ നിയമവിരുദ്ധമായി ഉത്തരവിറക്കിയതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം. മൈതാനത്തിന് പടിഞ്ഞാറു ഭാഗത്തുള്ള ഏതാനും വീട്ടുകാരും ക്ഷേത്ര
മൈതാനിക്ക് നടുവിലൂടെ പ്രധാന റോഡിലേക്ക് വഴിവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇവിടെ സ്ഥാപിച്ച കുറ്റികളെല്ലാം തച്ചുതകർത്തു.
ക്ഷേത്രഭൂമി സംരക്ഷണ സമിതിയുടെ നിയമയുദ്ധത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ എട്ടിന് ആർ.ഡി.ഒയുടെ ഉത്തരവ് റദ്ദാക്കി. ചുറ്റുമതിൽ പുനർനിർമ്മിക്കാനും ഉത്തരവായി. ഇതിന് പൊലീസ് സംരക്ഷണവും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ ഉത്തരവിന് ശേഷം അനവധി വാഹനങ്ങളാണ് ക്ഷേത്രഭൂമിയിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. തുടർന്ന് മേയ് 23ന് ദേവസ്വം ഓഫീസർ പള്ളുരുത്തി പൊലീസിന് വീണ്ടും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
9.45 ഏക്കർ ഭൂമിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഇതിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള 34 സെന്റ് ഭൂമി മാത്രമാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള ഭൂമിയിൽ അനധികൃത പാർക്കിംഗും മാലിന്യ നിക്ഷേപവും കൈയേറ്റവുമാണ്.
ചുറ്റുമതിലിന്റെ പൊളിഞ്ഞഭാഗങ്ങൾ പുനർനിർമ്മിക്കാൻ അനുമതി തേടി ക്ഷേത്രഭൂമി സംരക്ഷണ സമിതി ദേവസ്വം ബോർഡിനെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ കേസ് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. മതിൽ നിർമ്മിക്കണമെന്ന ഹൈക്കോടതി വിധി വന്നശേഷവും സമിതിക്ക് അനുമതി നൽകിയിട്ടില്ല.
ക്ഷേത്രഭൂമിയിലെ
അനധികൃത പാർക്കിംഗ് തടയുന്നത് സംബന്ധിച്ച് മേയ് 23ന് ലഭിച്ച പരാതി നിയമോപദേശത്തിന് വിട്ടിരിക്കുകയാണ്. പാർക്കിംഗ് കാര്യങ്ങൾ പൊലീസിന്റെ ട്രാഫിക് വിഭാഗമാണ് നോക്കേണ്ടത്.
പി.പി.ജസ്റ്റിൻ
എസ്.എച്ച്.ഒ ഇൻ ചാർജ്.
ശതകോടികൾ വിലമതിക്കുന്ന ക്ഷേത്രഭൂമി അന്യാധീനപ്പെടുത്താനാണ് ശ്രമം. സ്വാർത്ഥ താത്പര്യക്കാർക്കും ഭൂമി കൈയേറ്റക്കാർക്കും വേണ്ടിയാണ് പൊലീസും ദേവസ്വം ബോർഡും പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ ഉന്നതതല അന്വേഷണം വേണം. ഇതിനായി നിയമയുദ്ധം നടത്തും.
പി.സി.ഉണ്ണിക്കൃഷ്ണൻ
പ്രസിഡന്റ്, അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണസമിതി പ്രസിഡന്റ്